ഭോപ്പാൽ: ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ ഖാർഗോണിലെയും സെന്ധവയിലെയും വംശീയ കലാപങ്ങൾക്ക് പിന്നാലെ ഭോപ്പാലിലും ആശങ്കയോടെ പ്രദേശവാസികൾ. ഏപ്രിൽ 16ന് ഹനുമാൻ ജയന്തി ദിനത്തിൽ ഹിന്ദു സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്ന റാലിയിൽ ആക്രമണം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതിൽ ആശങ്കയിലാണ് നാട്ടുകാർ.
ഘോഷയാത്രക്ക് ഇതുവരെ പൊലീസ് അനുമതി ലഭിച്ചിട്ടില്ലെങ്കിലും, ഹൈന്ദവ വിശ്വാസികളെ വൻതോതിൽ പങ്കെടുപ്പിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് റാലിയുടെ വഴിയും സമയവും വ്യക്തമാക്കുന്ന ഹോർഡിംഗുകളും പരസ്യബോർഡുകളും ബാനറുകളും നഗരത്തിൽ നിറഞ്ഞുകഴിഞ്ഞു. സർക്കാർ അനുമതി നിഷേധിച്ചാലും റാലിയുമായി സംഘടനകൾ മുന്നോട്ടുപോകുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഹനുമാൻ ജയന്തി റാലിയിൽ എല്ലാവരും പങ്കെടുക്കണമെനുനം മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൂടെ പോകണമെന്നും ആക്രമണം നടത്തണമെന്നും ശഠിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ജയ് മാ ഭവാനി ഹിന്ദു സംഘടനയിലെ അംഗമായ പ്രമോദ് എന്നയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഭോപ്പാലിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ ശോഭ യാത്ര നടത്താനുള്ള ഒരുക്കത്തിലാണ് സംഘടന. വൈകിട്ട് 5.30ന് ആരംഭിക്കുന്ന ഘോഷയാത്ര ഖസായ്പുര, ഇത്വാര, ജുമേരാത്തി, സിന്ധി കോളനി എന്നിവിടങ്ങളിലൂടെ കടന്നുപോകും.
മുസ്ലീം സമൂഹത്തിന്റെ സായാഹ്ന പ്രാർത്ഥനാ സമയത്തോടനുബന്ധിച്ചാണ് ഘോഷയാത്ര നടക്കുകയെന്ന് ബർകത്തുല്ല യൂത്ത് ഫോറം കോർഡിനേറ്റർ അനസ് അലി പറഞ്ഞു. സാമുദായിക സൗഹാർദത്തിന്റെ കാര്യത്തിൽ ഭോപ്പാൽ രാജ്യത്തിനാകെ മാതൃകയാണ്. അക്രമത്തിന് പ്രേരിപ്പിച്ചതിന് പ്രമോദ് ഹിന്ദുവിനെതിരെ അലി പോലീസ് കമ്മീഷണറുടെ ഓഫീസിൽ പരാതി നൽകിയിരുന്നു.
സാമുദായിക സൗഹാർദ്ദം തകർക്കുന്ന ഒരു നടപടിയും അനുവദിക്കില്ലെന്നും അതിനുള്ള മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും പൊലീസ് കമ്മീഷണർ മക്രാന്ത് ദിയോസ്കർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.