ഭോപ്പാൽ: സ്ത്രീധനത്തിന്‍റെ പേരിൽ ഗർഭിണിയായ ഭാര്യയെ കിണറ്റിനുള്ളിലേക്ക് തള്ളിയിട്ട് രക്ഷിതാക്കൾക്ക് വിഡിയോ അയച്ചുകൊടുത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലുള്ള കീറോൺ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഓഗസ്റ്റ് 21ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് രാകേഷ് കീർ ഭാര്യ ഉഷയെ കിണറ്റിലേക്ക് തള്ളിയിട്ടത്.
തുടർന്ന്, കിണറ്റിൽ വീണുകിടക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും വിഡിയോ ഭാര്യയുടെ രക്ഷിതാക്കൾക്ക് അയച്ചുകൊടുത്ത് സ്ത്രീധനം ആവശ്യപ്പെടുകയും ചെയ്തു. കിണറ്റിലുണ്ടായിരുന്ന കയറിൽ മുറുകെപ്പിടിച്ചതിനാലാണ് യുവതി രക്ഷപ്പെട്ടത്. രണ്ട് മണിക്കൂറിന് ശേഷം രാകേഷ് തന്നെ ഭാര്യയെ കയർ ഉപയോഗിച്ച് കിണറിന് പുറത്തേക്ക് വലിച്ചുകയറ്റുകയായിരുന്നു.
അതേസമയം, സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചു. കയറിൽ തൂങ്ങിനിന്ന് ജീവനായി നിലവിളിക്കുന്ന യുവതിയേയും കിണറ്റിന് മുകളിൽ നിന്ന് ഈ ദൃശ്യങ്ങൾ ചിത്രീകരിക്കുന്ന രാകേഷിന്‍റെ കാലുകളും വിഡിയോയിൽ കാണാം.
രാജസ്ഥാനിലെ പ്രതാപ്ഗഢ് സ്വദേശിനിയും പരാതിക്കാരിയുമായ ഉഷയും ഭർത്താവ് രാകേഷ് കീറും മൂന്ന് വർഷം മുമ്പാണ് വിവാഹിതരായത്. ഭർത്താവും ഇയാളുടെ മാതാപിതാക്കളും സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു എന്ന് പൊലീസ് സബ് ഇൻസ്പെക്ടർ അസ്ലം ഖാൻ പറഞ്ഞു. യുവതിയുടെ പരാതിയിൽ ഇന്ത്യൻ ശിക്ഷാനിയമം 498-എ, 323, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് രാകേഷിനെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.