ന്യൂഡൽഹി: രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ എം.പിമാരെ അവകാശലംഘന പരാതികളുടെ ഭീഷണിയിലാക്കി ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദത്തിനായി പാർലമെന്റിന്റെ ഇരുസഭകളും തിങ്കളാഴ്ച സമ്മേളിക്കും. അദാനി-ഹിൻഡൻബർഗ് വിവാദത്തിൽ ഭരണ-പ്രതിപക്ഷ പോരിൽ പ്രക്ഷുബ്ധമായ ഒന്നാം പാദം കഴിഞ്ഞ് ഒരു മാസത്തെ ഇടവേളക്ക് ശേഷം തുടങ്ങുന്ന രണ്ടാം പാദത്തിലും സർക്കാറും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരും.
അദാനി വിഷയമുന്നയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും രാജ്യസഭയിലെ 12 പ്രതിപക്ഷ എം.പിമാർക്കുമെതിരെ ബി.ജെ.പി നൽകിയ പരാതിയിൽ ഇരുസഭകളും അവകാശലംഘന നടപടിയുമായി മുന്നോട്ടുപോകുന്നതിനിടെ കേംബ്രിജ് പ്രസംഗത്തിന് രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്ന ആവശ്യം കൂടി ബി.ജെ.പി ഉന്നയിച്ചിട്ടുണ്ട്.
ഇത്തരമൊരു സാഹചര്യത്തിൽ ഇരുസഭകളിലും കൈക്കൊള്ളേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യാനായി പ്രതിപക്ഷ പാർട്ടികൾ തിങ്കളാഴ്ച രാവിലെ 10 ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ പാർലമെന്റ് ഓഫിസിൽ യോഗം ചേരും. ഇതിനു ശേഷം രാവിലെ 10.30ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ഓഫിസിൽ കോൺഗ്രസ് എം.പിമാരും യോഗം ചേരുന്നുണ്ട്.
അദാനി-മോദി ബന്ധത്തെ കുറിച്ചുള്ള പ്രസംഗത്തിന് രാഹുലിനെതിരെ ആദ്യം നൽകിയ അവകാശലംഘന പരാതിയുടെ അടിസ്ഥാനത്തിൽ പാർലമെന്ററി സമിതി വെള്ളിയാഴ്ച വിളിച്ചപ്പോഴാണ് ബി.ജെ.പി നേതാവ് നിഷികാന്ത് ദുബെ കേംബ്രിജ് പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ രാഹുലിന്റെ എം.പി സ്ഥാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്. പാർലമെന്റിനും പ്രധാനമന്ത്രിക്കുമെതിരെ നടത്തിയ പരാമർശങ്ങൾക്ക് 1976ൽ സുബ്രഹ്മണ്യം സ്വാമിയുടെ രാജ്യസഭാംഗത്വം റദ്ദാക്കിയിട്ടുണ്ടെന്നാണ് ദുബെ ബോധിപ്പിച്ചിരിക്കുന്നത്.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പാദം തുടർച്ചയായി തടസ്സപ്പെടുത്തിയതിന് സസ്പെൻഡ് ചെയ്യപ്പെട്ട രജ്നി പാട്ടീലടക്കം ഒമ്പത് കോൺഗ്രസ് എം.പിമാരോടും മൂന്ന് ആം ആദ്മി പാർട്ടി എം.പിമാരോടും ബി.ജെ.പി എം.പിമാർ നൽകിയ അവകാശലംഘന നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടിയത്. ജെബി മേത്തർ, ഇംറാൻ പ്രതാപ് ഗഢി, രസ്ജീത് രഞ്ജൻ, കുമാർ കേത്കർ, എൽ. ഹനുമന്തയ്യ, ഫൂലോ ദേവി നേതം,ശക്തി സിങ് കോഹിൽ, നരൻഭായ് ജെ റാഠ്വ, സയ്യിദ് നസീർ ഹുസൈൻ തുടങ്ങിയ കോൺഗ്രസ് എം.പിമാർക്കും സഞ്ജയ് സിങ്, സുശീൽ കുമാർ ഗുപ്ത, സന്ദീപ് കുമാർ പാഠക് എന്നീ ആപ് എം.പിമാർക്കും രാജ്യസഭ ഉപാധ്യക്ഷൻ നയിക്കുന്ന അവകാശലംഘനത്തിനുള്ള പാർലമെന്ററി സമിതിയുടെ നോട്ടീസ് അയച്ചത്.
അദാനിയുടെ കമ്പനികളിൽ എൽ.ഐ.സിയും എസ്.ബി.ഐയും നിക്ഷേപിച്ചത് രാജ്യസഭ ചർച്ച ചെയ്യാൻ തുടർച്ചയായി നോട്ടീസ് നൽകിയതിനാണ് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്ങിന് അവകാശ ലംഘന സമിതി നോട്ടീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.