രാജ്യത്തിന്റെ 15ാം രാഷ്ട്രപതിയെ ഏതാനും മണിക്കൂറുകൾക്കകം അറിയാം. എൻ.ഡി.എ സ്ഥാനാർഥിയായ ദ്രൗപതി മുർമുവിനാണ് സാധ്യത കൂടുതൽ. മറ്റ് അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ജൂലൈ 25ന് മുർമു രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യും.
ഭരണഘടനയുടെ 62ആം അനുച്ഛേദം അനുസരിച്ച് നിലവിലെ രാഷ്ട്രപതി സ്ഥാനമൊഴിയുന്നതിന് മുമ്പുതന്നെ പുതിയ രാഷ്ട്രപതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടത്തണം. ഭരണഘടനയുടെ 324ാം അനുച്ഛേദം, 1952ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നിയമം അനുസരിച്ച് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ മേൽനോട്ടവും നിയന്ത്രണവും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനായിരിക്കും.
ഔദ്യോഗിക പദവിയിൽ പ്രവേശിച്ച തീയതി മുതൽ അഞ്ച്‍ വർഷത്തേക്കാണ് രാഷ്ട്രപതി അധികാരമേൽക്കുക. കാലാവധി അവസാനിച്ചാലും അദ്ദേഹത്തിന്റെ പിൻഗാമി ഓഫിസിൽ പ്രവേശിക്കുന്നതുവരെ രാഷ്ട്രപതിക്ക് തുടരാനാകും. നിലവിലെ സാഹചര്യത്തിൽ 48.9 ശതമാനം വോട്ട് വിഹിതം ബി.ജെ.പിക്ക് സ്വന്തമായുണ്ട്. പ്രതിപക്ഷ പാർട്ടികൾക്കും മറ്റു പാർട്ടികൾക്കും 51.1 ശതമാനം വോട്ട് വിഹിതവും.
എം.പിമാരെയും എം.എൽ.എമാരെയുംപോലെ ജനങ്ങൾ നേരിട്ടല്ല രാഷ്ട്രപതിയെ തെരഞ്ഞെടുക്കുക. ഒരു ഇലക്ടറൽ കോളജിനാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ അവസരം. ലോക്സഭ, രാജ്യസഭ, സംസ്ഥാനങ്ങളിലെ നിയമസഭകൾ, ഡൽഹി, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭ അംഗങ്ങൾ എന്നിവർ ഉൾപ്പെടുന്നതാണ് ഇലക്ടറൽ കോളജ്. രാജ്യസഭയിലേക്കും സംസ്ഥാന ലെജിസ്േലറ്റീവ് കൗൺസിലുകളിലേക്കും നാർമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾ ഇലക്ടറൽ കോളജിന്റെ ഭാഗമല്ല.
ഇലക്ടറൽ കോളജ് അംഗങ്ങളുടെ വോട്ടുകൾക്ക് വലിയ മൂല്യമുണ്ടാകും. ഉദാഹരണത്തിന് ഓരോ എം.പിയുടെയും വോട്ടിന് 700 മൂല്യമാണുള്ളത്. നേരത്തേ ഇത് 708 ആയിരുന്നു.
എം.എൽ.എമാരുടെ വോട്ടിന്റെ മൂല്യം ഓരോ സംസ്ഥാനത്തെയും ജനസംഖ്യയെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുക. 1971ലെ ജനപ്രാതിനിധ്യ നിയമമനുസരിച്ചാണ് എം.എൽ.എമാരുടെ വോട്ടുകളുടെ മൂല്യം നിശ്ചയിക്കുന്നത്. അതിനാൽ ഓരോ സംസ്ഥാനത്തെയും എം.എൽ.എമാരുടെയും വോട്ടിന്റെയും മൂല്യം വ്യത്യാസപ്പെട്ടിരിക്കും.
ഉയർന്ന ജനസാന്ദ്രതയുടെ ഉത്തർപ്രദേശിലെ ഒരു എം.എൽ.എയുടെ വോട്ടിന്റെ മൂല്യം 208 ആണ്. അതേസമയം ജനസംഖ്യ കുറവുള്ള അരുണാചൽ പ്രദേശിൽ ഒരു എം.എൽ.എയുടെ വോട്ടിന്റെ മൂല്യം എട്ട് ആയിരിക്കും. സിക്കിമിൽ ഏഴും. 152ആണ് കേരളത്തിലെ ഒരു എം.എൽ.എയുടെ വോട്ടുമൂല്യം. 10,86,431 ആണ് ഇലക്ടറൽ കോളജിലെ ആകെ മൂല്യം. ഇലക്റൽ കോളജിൽ 5,49,442 മൂല്യം ലഭിച്ചാൽ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടും.
4895 ആണ് ഇലക്ടറൽ കോളജിലെ അംഗങ്ങളുടെ എണ്ണം. ഇതിൽ 776 ലോക്സഭ അംഗങ്ങളും 4120 എം.എൽ.എമാരും ഉൾപ്പെടും. എന്നാൽ ജമ്മു കശ്മീരിലെ 87 എം.എൽ.എമാരുടെ അഭാവത്തിൽ ഇലക്ടറൽ കോളജിലെ അംഗങ്ങളുടെ എണ്ണം 4809 ആയി ചുരുങ്ങും.
2017 ജൂലൈ 12നായിരുന്നു അവസാനമായി നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പ്. എൻ.ഡി.എയുടെ രാംനാഥ് കോവിന്ദ് 65.65 ശതമാനം വോട്ട് നേടി വിജയിച്ചു. മുൻ ലോക്സഭ സ്പീക്കർ മീരാകുമാർ ആയിരുന്നു പ്രതിപക്ഷ സ്ഥാനാർഥി.
രാജ്യത്ത് 1977ൽ മാത്രമാണ് മത്സരമില്ലാതെ രാഷ്ട്രപതിയെ തെരഞ്ഞെടുത്തത്. രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീൻ അലിയുടെ മരണത്തെതുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. അന്ന് 37 നാമനിർദേശ പത്രികയിൽ 36 ഉം തള്ളിപ്പോയതിനെ തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി നീലംസജ്ഞീവ റെഡ്ഡി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.