വഖഫ് ഭേദഗതി നിയമം: ജെ.പി.സിയിൽ ഹിന്ദുക്കളും വേണമെന്ന് ബി.ജെ.പി നേതാവ്

ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമം ചർച്ച ചെയ്യുന്ന സംയുക്ത പാർലമെന്‍ററി സമിതിയിൽ (ജെ.പി.സി) ഹിന്ദുക്കളെയും ഉൾപ്പെടുത്തണമെന്ന് മുതിർന്ന ബി.ജെ.പി നേതാവ് മുക്താർ അബ്ബാസ് നഖ്വി. മുസ് ലിം വിഭാഗക്കാരെ മാത്രമല്ല ഏതാനും ഹിന്ദുക്കളെയും ജെ.പി.സിയിൽ ഉൾപ്പെടുത്തുന്നത് നല്ലതാണെന്നും നഖ്വി പറഞ്ഞു.

വിഭജനകാലത്ത് കുടിയിറക്കപ്പെട്ട് ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ ഹിന്ദുക്കളുടെ ശബ്ദം കൂടി കേൾക്കണം. ഇവരിൽ എല്ലാം ഉപേക്ഷിച്ച് എത്തിയവർക്ക് അക്കാലത്തെ സർക്കാർ ഭൂമി നൽകിയിട്ടുണ്ട്. ഇന്ത്യയിലുള്ള ഹിന്ദുക്കളിൽ പലർക്കും ഇപ്പോഴും അവരുടെ സ്വത്തുക്കളിൽ ഉടമസ്ഥാവകാശമില്ല. ഇക്കൂട്ടർ ഇപ്പോഴും തങ്ങളുടെ ഭൂമിയിൽ അനധികൃത താമസക്കാരോ അതിക്രമിച്ച് കടന്നവരോ ആയി ജീവിക്കുന്നു. നീതി ഉറപ്പാക്കാനും ഒരു സമുദായവും പിന്നാക്കം പോകാതിരിക്കാനും ജെ.പി.സി തങ്ങളുടെ പരാതികൾ കേൾക്കണമെന്നും നഖ്വി ആവശ്യപ്പെട്ടു.

ഭരണഘടനാപരമായ കാര്യങ്ങൾ അപകടത്തിലായ സാഹചര്യത്തിൽ വഖഫ് പോലുള്ള സംവിധാനങ്ങളുടെ സൂക്ഷ്മ പരിശോധന അനിവാര്യമാണ്. വഖഫ് സമ്പ്രദായത്തിലോ മറ്റേതെങ്കിലും വ്യവസ്ഥയിലോ ഉള്ള ഭരണഘടനാ വിരുദ്ധമായ തകരാറുകൾ സമിതി പരിശോധിക്കുകയും അത് ഭരണഘടനക്ക് വിധേയമാക്കുകയും ചെയ്താൽ ആരും എതിർക്കേണ്ടതില്ല.

വഖഫ് ബോർഡുകളുടെ നിരവധി തീരുമാനങ്ങൾ വർഷങ്ങളായി ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ഇത് ആശയക്കുഴപ്പങ്ങൾക്കും വൈരുധ്യങ്ങൾക്കും സംഘർഷങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. ജെ.പി.സിയിലെ ചർച്ചകൾ വ്യക്തതയും നീതിയും കൊണ്ടുവരും. ഇത്തവണ സമഗ്ര പരിശോധനയും മുൻകാല തീരുമാനങ്ങളുടെ പോസ്റ്റ്‌മോർട്ടവും മുഴുവൻ തൽപരകക്ഷികളുമായി ചർച്ചകളും നടത്തണമെന്ന് നഖ്വി ആവശ്യപ്പെട്ടു.

Tags:    
News Summary - Mukhtar Abbas Naqvi calls for inclusion of Hindu stakeholders in JPC on Waqf Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.