മുംബൈ: മഹാരാഷ്ട്രയിൽ കോൺഗ്രസിൽ നിന്ന് എം.എൽ.എമാർ കൂട്ടമായി രാജിവെച്ച് ബി.ജെ.പിയിലോ എൻ.സി.പിയിലോ ചേരാൻ ഒരുങ്ങുന്നതായി അഭ്യൂഹം. കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് മുൻ മന്ത്രി അസ്‍ലം ശൈഖ് ഉൾപ്പെടെയുള്ള ആറ് കോൺഗ്രസ് എം.എൽ.എമാർ വിട്ടുനിന്നിരുന്നു. അതോടെയാണ് ഇവർ കോൺഗ്രസ് വിട്ടു ബി.ജെ.പിയിലോ എൻ.സി.പിയിലോ ചേക്കാറാൻ ഒരുങ്ങുകയാണെന്ന അഭ്യൂഹം ശക്തമായത്.
കോൺഗ്രസിന് 43 എം.എൽ.എമാരാണ് നിലവിലുള്ളത്. ബി.ജെ.പി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്രഫഡ്നാവിസുമായും അടുത്തിടെ കോൺഗ്രസ് വിട്ട് എൻ.സി.പിയിൽ ചേർന്ന ബാബ സിദ്ദീഖിയുടെ മകൻ സീഷാൻ സിദ്ദീഖിയുമായും അടുത്തബന്ധമുണ്ട് അസ്‍ലം ശൈഖിന്.
കോൺഗ്രസിനെ പിളർത്താൻ ശിവസേനയും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയും അഹോരാത്രം പണിയെടുക്കുന്നുണ്ട്. അടുത്തിടെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന അശോക് ചവാൻ ബി.ജെ.പിയിലെത്തിയിരുന്നു. തൊട്ടുപിന്നാലെ ചവാന് ബി.ജെ.പി രാജ്യസഭ സീറ്റും നൽകി.
ചവാന് 15 കോൺഗ്രസ് എം.എൽ.എമാരെ തങ്ങളുടെ കൂടാരത്തിലെത്തിക്കാൻ കഴിയുമെന്നാണ് ബി.ജെ.പിയും എൻ.സി.പിയും കണക്കുകൂട്ടുന്നത്. പുതിയ രാഷ്ട്രീയ തുടക്കമെന്നാണ് തന്റെ ബി.ജെ.പി പ്രവേശനെത്തെ ചവാൻ വിശേഷിപ്പിച്ചത്. ചവാൻ പാർട്ടി വിടുന്നതിന് രണ്ടുദിവസം മുമ്പാണ് ബാബാ സിദ്ദീഖി എൻ.സി.പിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.