‘എന്നെ ചോദ്യം ചെയ്യണമെങ്കിൽ നേരിട്ട് വാ’..സൈബർ തട്ടിപ്പിനെ തുരത്തിയോടിച്ച് വീട്ടമ്മയുടെ മിടുക്ക്

മുംബൈ: ഓൺലൈൻ തട്ടിപ്പ് ശ്രമത്തിൽനിന്ന് രക്ഷപ്പെട്ട് 35കാരിയായ വീട്ടമ്മ. ടെലികോം റെഗുലേറ്ററി ഉദ്യോഗസ്ഥർ എന്ന വ്യാജേനയാണ് തട്ടിപ്പുകാർ യുവതിയെ ബന്ധപ്പെട്ടത്. എന്നാൽ, തട്ടിപ്പുകാരെന്ന് സംശയം തോന്നിയതിനാൽ ചോദ്യം ചെയ്യുന്നതിന് നേരിട്ട് വരാൻ ആവശ്യപ്പെട്ടതോടെ സംഘം പിന്മാറുകയായിരുന്നു.

നവംബർ എട്ടിനായിരുന്നു സംഭവം. ബൊറിവാലി ഈസ്റ്റിലെ താമസക്കാരിയായ യുവതിയുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും പതിനഞ്ചോളം പേർ തങ്ങളെ ശല്യപ്പെടുത്തുന്ന രീതിയിൽ യുവതി ഫോൺ ചെയ്യുന്നതായി പരാതി നല്കിയിട്ടുണ്ടെന്നുമാണ് തട്ടിപ്പുകാർ പറഞ്ഞത്. തങ്ങൾ പറയുന്നത് അനുസരിച്ചില്ലെങ്കിൽ മൊബൈൽ നമ്പർ ഡി ആക്ടിവേറ്റ് ചെയ്യുമെന്നും തട്ടിപ്പുകാർ ഭീഷണിപ്പെടുത്തി. തുടർന്ന് യുവതിയോട് ആധാർ കാർഡ് കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ആധാർ കാർഡ് കാണിച്ചെങ്കിലും തട്ടിപ്പുകാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവതി വിവരങ്ങൾ വേണമെങ്കിൽ നേരിട്ട് എത്തി തന്നെ ചോദ്യം ചെയ്യാനായി ആവശ്യപ്പെടുകയായിരുന്നു. തന്റെ ആധാർ കാർഡ് വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ യുവതി പിന്നീട് പൊലീസിൽ പരാതി നൽകി.

അതേസമയം, മറ്റൊരിടത്ത് മുംബൈ ക്രൈംബ്രാഞ്ച് ഓഫീസർ സഞ്ജയ് സിങ് ആണെന്ന് അവകാശപ്പെട്ട് തട്ടിപ്പുകാർ യുവതിയെ സമീപിച്ചു. വിഡിയോ കോളിലൂടെയാണ് തട്ടിപ്പുകാർ യുവതിയെ സമീപിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം.

വിഡിയോ കോൾ ചെയ്തയാൾ പൊലീസ് യൂനിഫോം ധരിച്ചിരുന്നു. അയാളുടെ പിന്നിലായി മുംബൈ പൊലീസിന്റെ ലോഗോയും ഉണ്ടായിരുന്നു. അയാൾ യുവതിയോട് ഫോട്ടോയും ആധാർ കാർഡിന്റെ ഫോട്ടോയും വാട്സാപ്പിൽ അയക്കാൻ ആവശ്യപ്പെടുകയും യുവതി അയയ്ക്കുകയും ചെയ്തു.

തുടർന്ന് യുവതി രണ്ട് കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നും ചോദ്യം ചെയ്യൽ രഹസ്യമായി നടത്തുമെന്നും സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ അറിയിക്കരുതെന്നും അറിയിച്ചാൽ രണ്ട് വർഷം തടവ് അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട അഞ്ചു പേരുടെ ഫോട്ടോകൾ കാണിക്കുകയും അവരെ അറിയാമോ എന്ന് ചോദിക്കുകയും ചെയ്തു. ഇവരിൽ ആരെയും തനിക്കറിയില്ലെന്ന് യുവതി തട്ടിപ്പുകാരോട് പറഞ്ഞു. തുടർന്ന് അയാൾ യുവതിയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ചോദിക്കാൻ ആരംഭിച്ചു. വിവരങ്ങൾ പങ്കുവെക്കാനും നിർദേശിച്ചു. നിങ്ങൾ പൊലീസാണെങ്കിൽ എന്തിനാണ് ഫോണിൽ വിളിച്ച് ചോദ്യം ചെയ്യുന്നതെന്നും നേരിട്ട് വന്നുകൂടേ എന്നുമായിരുന്നു യുവതിയുടെ ചോദ്യം. വേണങ്കിൽ താൻ നേരിട്ട് സ്റ്റേഷനിൽ ഹാജരാകാമെന്നും നിരപരാധിയാണെന്നതിന്റെ തെളിവുകൾ ഹാജരാക്കാമെന്നും പറഞ്ഞു. ഇതോടെ, തട്ടിപ്പുകാർ കോൾ കട്ട് ചെയ്ത് പോവുകയായിരുന്നു.

സംഭവത്തിൽ ദഹിസർ പൊലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Tags:    
News Summary - mumbai-homemaker-outsmarts-scammers-in-online-fraud-attempt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.