മുംബൈ: റിപ്പബ്ലിക് ടി.വി മേധാവി അർണബ് ഗോസ്വാമിയും ബ്രോഡ്കാസ്റ്റ് ഒാഡിയൻസ് റിസർച് കൗൺസിൽ (ബാർക്) മുൻ മേധാവി പാർഥദാസ് ഗുപ്തയും നടത്തിയ വാട്സ് ആപ് ചാറ്റുകൾ ഇനിയുമുണ്ടെന്ന് മുംബൈ പൊലീസ്. ടി.ആർ.പി തട്ടിപ്പ് കേസ് പ്രതികളുടെ മൊബൈൽ ഫോണുകളിൽ നടത്തിയ ഫോറൻസിക് പരിശോധന ഫലം കിട്ടിയാലുടൻ ഇൗ തെളിവുകളുമായി കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അർണബ് ഉൾപ്പെടെ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും കൂട്ടിച്ചേർത്തു. അർണബുമായി നടത്തിയ ചാറ്റുകളിൽ ചിലത് പാർഥദാസ് ഗുപ്ത സ്ക്രീൻഷോട്ട് എടുത്തശേഷം വാട്സ് ആപ്പിൽനിന്ന് ഡിലീറ്റ് ചെയ്തിട്ടുണ്ട്. സ്ക്രീൻ ഷോട്ടുകൾ പൊലീസ് കണ്ടെത്തി. ഇവ ഫോറൻസിക് വിദഗ്ധർ പരിശോധിക്കുന്നു. നേരത്തെ പാർഥദാസ് ഗുപ്തക്കെതിരെയുള്ള അനുബന്ധ കുറ്റപത്രത്തിനൊപ്പം കോടതിയിൽ തെളിവായി സമർപ്പിച്ച ചാറ്റുകൾ ചോർന്നുണ്ടായ വിവാദം അടങ്ങിയിട്ടില്ല. 40 സി.ആർ.പി.എഫ് ജവാന്മാർ മരിച്ച പുൽവാമ ഭീകരാക്രമണത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുകയും ബാലാകോട്ടിൽ സൈന്യം നടത്തിയ ആക്രമണം മൂന്ന് ദിവസം മുേമ്പ പാർഥയോട് വെളിപ്പെടുത്തുകയും ചെയ്ത തെൻറ ചാറ്റുകൾ അർണബിനെ പ്രതിക്കൂട്ടിലാക്കി.
ടി.ആർ.പി കേസിൽ അർണബിനെതിരെ നടപടി തൽക്കാലം ബോംബെ ഹൈകോടതി തടഞ്ഞിരിക്കുകയാണ്. പാർഥദാസ് ഗുപ്തയടക്കം നിലവിൽ 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രൈം ഇൻറലിജൻസ് യൂനിറ്റിലെ അസിസ്റ്റൻറ് പൊലീസ് കമീഷണർ ശശാങ്ക് സന്ദ്ഭോറിെൻറ നേതൃത്വത്തിലുള്ള 38 അംഗ പ്രത്യേക സംഘമാണ് ടി.ആർ.പി തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്. വായ്പ തട്ടിപ്പ് കേസിൽ പ്രശസ്ത കാർ ഡിസൈനർ ദിലിപ് ഛബ്രിയയെ അറസ്റ്റ് ചെയ്തതും ഇതേ സംഘമാണ്. രണ്ട് കേസുകളിലും മികച്ച അന്വേഷണം നടത്തിയ സംഘത്തെ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് കമീഷണർ പരം ഭിർ സിങ് ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.