ന്യൂഡൽഹി: ഡൽഹിയിൽ മെട്രോ സ്റ്റേഷനുകളിൽ ആം ആദ്മി പാർട്ടി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ ഭീഷണിപ്പെടുത്തുന്ന ചുവരെഴുത്തുകൾ. ഡൽഹി രാജീവ് ചൗക്കിലും പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലുമാണ് കെജ്‍രിവാളിനെ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിന് പിന്നിൽ ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണെന്നാണ് എ.എ.പിയുടെ ആരോപണം. ഗൂഢാലോചനകൾ നടക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസിലാണെന്നും എ.എ.പി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.
“അരവിന്ദ് കെജ്രിവാൾ ജയിലിൽ നിന്ന് പുറത്തിറങ്ങിയത് മുതൽ ബി.ജെ.പി വല്ലാതെ അസ്വസ്ഥരാണ്. ഇപ്പോൾ കെജ്രിവാളിനെതിരെ ആക്രമണം നടത്താനാണ് ബി.ജെ.പി ഇപ്പോൾ ശ്രമിക്കുന്നത്. ഈ ഗൂഢാലോചനകൾ എല്ലാം നടക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ്. രാജീവ് ചൗക്ക്, പടേൽ നഗർ മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് കെജ്രിവാളിനെതിരായ ഭീഷണികൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്,“ സഞ്ജയ് സിങ് പറഞ്ഞു.
പ്രധാനമന്ത്രിയും ബി.ജെ.പിയും ചേർന്ന് കെജ്രിവാളിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയാണ്. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ പൂർണ ഉത്തരവാദിത്തം പ്രധാനമന്ത്രിയുടെ ഓഫീസിനും ബി.ജെ.പിക്കും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മെട്രോ ട്രെയിനുകൾക്കുള്ളിലും ചുവരെഴുത്തുകൾ ഉള്ളതായാണ് റിപ്പോർട്ട്. ഡൽഹി ലോക്സഭ തെരഞ്ഞെടുപ്പിൽ നേരിടാനിരിക്കുന്ന പരാജയത്തെ കുറിച്ച് ബി.ജെ.പി അസ്വസ്ഥരാണെന്നും അവർ കെജ്രിവാളിനെതിരെ സ്വാതി മലിവാളിനെ ഉപയോഗിക്കുകയാണെന്നും എ.എ.പി നേതാവ് അതിഷി ചൂണ്ടിക്കാട്ടി. മെട്രോ സ്റ്റേഷനുകളിലെ ചുവരെഴുത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കെജ്രിവാളിന്റെ ജീവന് ഭീഷണിയുണ്ട്. മെട്രോ സ്റ്റേഷനുകളിൽ 24 മണിക്കൂറും സെക്യൂരിറ്റി ജീവനക്കാരുണ്ട്. എന്നിട്ടും വിഷയത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കാത്തത് എന്തുകൊണ്ടാണെന്നും അതിഷി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.