മംഗളൂരു: ഉഡുപ്പിയിൽ രോഗബാധിതനായി ചികിത്സയിലായിരുന്ന യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. 44കാരനായ ബാലകൃഷ്ണ സല്യനാണ് കൊല്ലപ്പെട്ടത്. ഒരു മാസത്തോളമായി രോഗബാധിതനായിരുന്നു ഇദ്ദേഹം. മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിരുന്നു. ഇതിനിടയിലായിരുന്നു കൊലപാതകം. ബാലകൃഷ്ണയുടെ ഭാര്യ പ്രതിമ (30), കാമുകൻ ദിലീപ് ഹെഗ്‌ഡെ (30) എന്നിവരെ ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തു.
ഉഡുപ്പി ജില്ലയിലെ കാർക്കളയിലെ അജേക്കറിലെ വീട്ടിൽ 20നായിരുന്നു സംഭവം. പ്രതിമയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി സഹോദരൻ സന്ദീപ് പൊലീസിനു മൊഴി നൽകിയതിനെ തുടർന്നാണ് ഇരുവരെയും കുറിച്ച് അന്വേഷണവും തുടർന്ന് അറസ്റ്റും ഉണ്ടായത്.
ഹോട്ടൽ ജീവനക്കാരനായ ബാലകൃഷ്ണക്ക് 25 ദിവസത്തിലേറെയായി പനിയും ഛർദ്ദിയും അലട്ടിയിരുന്നു. ആദ്യം കാർക്കളയിലെ റോട്ടറി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് പല ആശുപതിയിലും പ്രവേശിപ്പിച്ചെങ്കിലും സുഖം പ്രാപിക്കാത്തതിനെ തുടർന്ന് ഒക്‌ടോബർ 19ന് രാത്രി അജേക്കറിലെ വീട്ടിലെത്തിച്ചു. അന്ന് രാത്രി ബാലകൃഷ്ണന് യുവതി വിഷം നൽകുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ.
ശേഷം തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് അസുഖം മൂലമുള്ള മരണമാണെന്ന് വിശ്വസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ കാമുകൻ ദിലീപ് ഈ സമയം വീടിനു സമീപത്തുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.