ന്യൂഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശിച്ച കേന്ദ്ര സർക്കാറിനെ വിമർശിച്ച് കോൺഗ്രസ്. ഇത് ഇന്ത്യയിലെ ജനാധിപത്യത്തിന്‍റെ കൊലപാതകമാണെന്ന് മുതിർന്ന കോൺഗ്രസ് നോതാവ് ജയ്റാം രമേശ് പറഞ്ഞു.
സർക്കാർ ഉത്തരവ് പ്രകാരം ചില അക്കൗണ്ടുകളും പോസ്റ്റുകളും ഇന്ത്യയിൽ റദ്ദാക്കിയെന്ന് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് അറിയിച്ചിരുന്നു. നിർദേശം പാലിച്ചുവെങ്കിലും കേന്ദ്രസർക്കാർ തീരുമാനത്തോട് ശക്തമായി വിയോജിച്ച എക്സ് എക്കാലത്തും തങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുമെന്നും അറിയിച്ചു. എക്‌സിന്‍റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ടാണ് ജയ്റാം രമേശ് അഭിപ്രായ പ്രകടനം നടത്തിയത്. 'നിങ്ങൾ നമ്മുടെ ജനാധിപത്യത്തെ ഒരു തമാശയായി ചുരുക്കിയിരിക്കുന്നു മിസ്റ്റർ മോദി' എന്നാണ് കോൺഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനാഥെ പറഞ്ഞത്.
എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ചില അക്കൗണ്ടുകൾക്കെതിരെയും പോസ്റ്റുകൾക്കെതിരെയും നടപടിയെടുക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചെന്നും ഇത് ചെയ്തില്ലെങ്കിൽ തടവും പിഴയും ഉൾപ്പടെയുള്ള ശിക്ഷ ലഭിക്കുമെന്നും കേന്ദ്രസർക്കാർ ഭീഷണിപ്പെടുത്തിയതായും എക്സ് വ്യക്തമാക്കി. കേന്ദ്രസർക്കാർ ഉത്തരവിനെതിരെ റിട്ട് ഹരജി നൽകിയിട്ടുണ്ടെന്നും എക്സ് പോസ്റ്റിൽ വ്യക്തമാക്കി. ഇതിൽ ഇപ്പോഴും തീരുമാനം വന്നിട്ടില്ലെന്നും അറിയിച്ചു. ചില തടസ്സങ്ങൾ ഉള്ളതിനാൽ കേന്ദ്രസർക്കാർ നൽകിയ എക്സിക്യൂട്ടീവ് ഉത്തരവ് പ്രസിദ്ധീകരിക്കാൻ ഇപ്പോൾ നിർവാഹമില്ല. എന്നാൽ, ഇക്കാര്യങ്ങൾ പൊതുജനങ്ങൾ അറിഞ്ഞിരിക്കണമെന്നതിനാലാണ് വിവരങ്ങൾ പങ്കുവെക്കുന്നത്. അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യപ്പെട്ട ആളുകൾക്കും ഇതുസംബന്ധിച്ച വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും എക്സ് അറിയിച്ചു.
എക്‌സിന്‍റെ ആരോപണങ്ങളോട് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.