ഉഷ്ണം വകവെക്കാതെ, ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന മുർഷിദാബാദിലെ ഇടവഴികളിലൂടെ വോട്ടുതേടി ഓടുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം. തൃണമൂൽ കടന്നുവരവിൽ നഷ്ടമായ ജനപിന്തുണ തിരിച്ചുപിടിക്കുന്നതോടൊപ്പം സംസ്ഥാനത്ത് പാർട്ടിക്ക് വീണ്ടും അക്കൗണ്ട് തുറക്കാനും സി.പി.എമ്മിന്റെ സർവസന്നാഹവും സംസ്ഥാന സെക്രട്ടറി മത്സരിക്കുന്ന മണ്ഡലത്തിലുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 26 ശതമാനത്തിന് മുകളിൽ വോട്ട് നേടി കരുത്തുകാണിച്ച കോൺഗ്രസ്, സഖ്യത്തിന്റെ ഭാഗമായി സി.പി.എമ്മിന് സീറ്റ് വിട്ടുനൽകുകയായിരുന്നു. 12.44 ശതമാനമായിരുന്നു സി.പി.എമ്മിന് ലഭിച്ച വോട്ട്. വലിയ ഭൂരിപക്ഷത്തിനാണ് തൃണമൂൽ സ്ഥാനാർഥിയുടെ വിജയമെങ്കിലും കോൺഗ്രസ് വോട്ടുകൂടെ ലഭിക്കുന്നതോടെ വിജയം ഉറപ്പാണെന്നാണ് സി.പി.എം നേതാക്കൾ പറയുന്നത്.
സഖ്യം താഴേത്തട്ടിൽ വിജയകരമാണെന്നും വിജയം ഉറപ്പാണെന്നും പ്രചാരണത്തിരക്കിനിടെ മുഹമ്മദ് സലീം മാധ്യമത്തോട് പറഞ്ഞു. ടി.എം.സി, ബി.ജെ.പി പാർട്ടികളുടെ കോർപറേറ്റ്- ഗുണ്ടാ രാഷ്ട്രീയം ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. നഷ്ടമായ വോട്ടുകളെല്ലാം തിരിച്ചുവരുമെന്ന പൂർണ ആത്മവിശ്വാസം പാർട്ടിക്കുണ്ട്. ടി.എം.സിയുടെ ഗുണ്ടാ രാഷ്ടീയം അതിജീവിച്ചാണ് ഇത്രയും വലിയ ജനപിന്തുണ പ്രചാരണത്തിൽ ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ ജോലി തേടിയെത്തുന്ന ബംഗാളി യുവാക്കളിൽ ഭൂരിപക്ഷവും മുർഷിദാബാദ് മണ്ഡലത്തിലെ ഡുംകോൾ, ജലങ്കി മേഖലയിൽ നിന്നുള്ളവരാണ്. ഡുംകോളിലെ എല്ലാ വീടുകളിലും ഒരാളെങ്കിലും കേരളത്തിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇവരുടെയെല്ലാം വോട്ടുകൾ ഇത്തവണ ലഭിക്കുമെന്നാണ് സി.പി.എം പ്രതീക്ഷ.
ടി.എം.സിക്കുവേണ്ടി സിറ്റിങ് എം.പി അബു താഹിർഖാനാണ് ജനവിധി തേടുന്നത്. 60 ശതമാനത്തിന് മുകളിൽ മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തിൽ ബി.ജെ.പിയെ മുഖ്യ എതിരാളിയായി ഉയർത്തിയാണ് ടി.എം.സിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. പൗരത്വ വിഷയത്തിൽ ബി.ജെ.പിയെ നേരിടാൻ മമതക്കേ സാധിക്കൂ എന്ന തോന്നലും മുസ്ലിം ജനവിഭാഗത്തിനിടയിലുണ്ട്. മേയ് ഏഴിനാണ് ഇവിടെ വോട്ടെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.