വാഷിങ്ടണ്‍: മുസ്ലിം ലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടിയാണെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. അമേരിക്കൻ സന്ദർശനത്തിലുള്ള രാഹുൽ, വാഷിങ്ടണ്ണിലെ നാഷനൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
കേരളത്തില്‍ മുസ്ലിം ലീഗുമായുള്ള സഖ്യം ചൂണ്ടിക്കാട്ടിയുള്ള മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘മുസ്ലിം ലീഗ് പൂര്‍ണമായും മതേതരപാര്‍ട്ടിയാണ്. ആ പാര്‍ട്ടിയെ സംബന്ധിച്ച് മതേതരമല്ലാത്ത ഒന്നുമില്ല. ചോദ്യകര്‍ത്താവ് മുസ്ലിം ലീഗിനെക്കുറിച്ച് പഠിച്ചിട്ടില്ലെന്നാണ് തോന്നുന്നത്’ -രാഹുൽ പറഞ്ഞു.
രാഹുലിന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തി. വയനാട്ടില്‍ സ്വീകാര്യനായി തുടരേണ്ടത് രാഹുലിന്റെ ആവശ്യമാണെന്നും ഇതിനാലാണ് ഇത്തരമൊരു പ്രസ്താവനയെന്നും ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ ആരോപിച്ചു. മതത്തിന്റെ പേരില്‍ ഇന്ത്യയെ വിഭജിച്ചതിന് ഉത്തരവാദികളായ ജിന്നയുടെ മുസ്ലിം ലീഗ് രാഹുല്‍ഗാന്ധിക്ക് മതേതര പാര്‍ട്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിന്റെ സാമൂഹിക മാധ്യമ ചുമതല വഹിക്കുന്ന സുപ്രിയ ശ്രീനേത് മാളവ്യക്ക് മറുപടിയുമായി രംഗത്തെത്തി. ‘വ്യാജ വാര്‍ത്തകളുടെ കച്ചവടക്കാരാ, നിങ്ങള്‍ അതിയായി കഷ്ടപ്പെടുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍, രാഹുല്‍ഗാന്ധിയുടെ യു.എസ് യാത്ര പിന്തുടര്‍ന്ന് കുറച്ചുകൂടി ഉറക്കം നഷ്ടപ്പെടുന്ന ദിവസങ്ങള്‍ക്കായി തയാറെടുക്കൂ. നിങ്ങളുടേത് ഒരു സങ്കടകരമായ ജീവിതം തന്നെ’ -സുപ്രിയ ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.