ചെന്നൈ: വർഷം നീളുന്ന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി വാർഷികാഘോഷങ്ങൾക്ക് തുടക്കമിട്ട് മൂന്ന് ദിവസങ്ങളിലായി ചെന്നൈയിൽ നടന്ന ദേശീയ സമ്മേളനം ചരിത്രമായി. ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് സാദിഖലി തങ്ങൾ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുഖ്യാതിഥിയായി. ഇന്ത്യയുടെ വൈവിധ്യങ്ങൾ തകർക്കാനും മതത്തിന്റെ കണ്ണിലൂടെ ജനങ്ങളെ വിഭജിക്കാനും പ്രവർത്തിക്കുന്ന ബി.ജെ.പി സർക്കാറിനെ 2024ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ എല്ലാവരും ഒന്നിക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു. മതേതര സഖ്യത്തിന് മുൻ കൈയെടുക്കാനുള്ള മുസ്ലിം ലീഗിന്റെ ശ്രമങ്ങൾക്ക് തന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന കേന്ദ്ര സർക്കാർ ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ മൗലികാവകാശങ്ങൾ കവർന്നെടുക്കുകയും അവരുടെ അസ്തിത്വം പോലും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ അവരുടെ അവകാശ സംരക്ഷണത്തിനായി മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന മുഴുവൻ കക്ഷികളും ഒന്നിക്കണമെന്ന് മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം രാഷ്ട്രീയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഏകമത, ഏക രാഷ്ട്രമാണ് സംഘ്പരിവാർ ലക്ഷ്യമിടുന്നത്. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾ വകവെച്ചുകൊടുക്കാൻ കേന്ദ്ര സർക്കാർ തയാറാകുന്നില്ലെന്ന് പ്രമേയം കുറ്റപ്പെടുത്തി. ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വവും നീതിയും ഹനിക്കാൻ ദുരുപയോഗം ചെയ്യപ്പെടുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 44 റദ്ദാക്കണം. രാജ്യത്തിന്റെ സമ്പദ്ഘടനക്ക് മഹത്തായ സംഭാവനകൾ അർപ്പിക്കുന്ന പ്രവാസികളെ വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തണം. ന്യൂനപക്ഷ സ്കോളർഷിപ്പുകൾ നിർത്തലാക്കിയ കേന്ദ്ര നടപടി പിൻവലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ രാഷ്ട്രീയ പ്രമേയവും എം.പി. അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുൽ വഹാബ്, ഡോ. എം.കെ. മുനീർ, കെ.പി.എ. മജീദ്, മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ മറ്റു പ്രമേയങ്ങളും അവതരിപ്പിച്ചു.
സമ്മേളനത്തിന് കൊട്ടിവാക്കം വൈ.എം.സി.എ ഗ്രൗണ്ടിൽ ഒഴുകിയെത്തിയത് പതിനായിരങ്ങൾ. വൈകീട്ട് 6.45ന് തുടങ്ങാനിരുന്ന പൊതുസമ്മേളനത്തിന് മണിക്കൂറുകൾക്ക് മുന്നെ ഗ്രൗണ്ട് നിറഞ്ഞു. ഐ.ടി ഹബ്ബായ തിരുവാൻമിയൂർ മുതൽ കൊട്ടിവാക്കം ഗ്രൗണ്ട് വരെ വീഥികളിൽ ഹരിത പതാകകൾ തൂക്കി അലങ്കരിച്ചിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുക്കുന്നതിനാൽ വീഥിയിലും ഗ്രൗണ്ടിലും വൻ സുരക്ഷ സന്നാഹമാണ് ഒരുക്കിയിരുന്നത്. പ്രധാന നേതാക്കൾക്ക് മാത്രമായിരുന്നു വേദിയിൽ ഇരിപ്പിടമൊരുക്കിയത്.
ദേശീയ സമ്മേളനത്തിൽ പാർട്ടിയുടെ ശക്തികേന്ദ്രമായ കേരളത്തിൽനിന്ന് പ്രവർത്തകർ സ്പെഷൽ ട്രെയിനിലും ബസുകളിലുമായി വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയുമായി എത്തിച്ചേർന്നിരുന്നു. പാർട്ടി രൂപവത്കരിക്കപ്പെട്ട രാജാജി ഹാൾ സന്ദർശിച്ച ശേഷമായിരുന്നു പലരും സമാപന സമ്മേളനത്തിന് എത്തിയത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കരഘോഷത്തോടെയാണ് വേദിയിലേക്ക് ആനയിച്ചത്. രണ്ട് മണിക്കൂറിലധികം മുഖ്യമന്ത്രി വേദിയിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.