ന്യൂഡൽഹി: ഡൽഹി കലാപത്തിൽ രണ്ട് മുസ്ലിം യുവാക്കളെ ആക്രമിച്ച് കൊന്ന സംഘത്തിലുണ്ടായിരുന്നുവെന്ന് ആരോപിച്ച് പൊലീസ് പ്രതി ചേർത്ത മുസ്ലിം യുവാവിന് കോടതി ജാമ്യം നൽകി. മുസ്ലിം ചെറുപ്പക്കാരെ കൊലപ്പെടുത്തിയ ഹിന്ദു വിഭാഗത്തിൽ നിന്നുള്ള അക്രമി കൂട്ടത്തിൽ മുസ്ലിം ചെറുപ്പക്കാരനുണ്ടായിരുന്നുവെന്നത് അവിശ്വസനീയമാണെന്ന് ചൂണ്ടികാണിച്ചാണ് കോടതി ജാമ്യം നൽകിയത്.
അഷ്ഫാഖ് ഹുസൈൻ, സാകിർ എന്നിവരെ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ ആരിഫ് എന്നയാളും ഉൾപ്പെട്ടിരുന്നുവെന്ന് ആരോപിച്ചാണ് പൊലീസ് പ്രതി ചേർത്തത്. ജാമ്യാപേക്ഷ എതിർത്ത സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് ചൗധരി ആരിഫ് അക്രമി സംഘത്തിലുണ്ടായിരുന്നുവെന്ന് കോടതിയിൽ ആവർത്തിച്ചു.
മുസ്ലിംകളെ ആക്രമിക്കുക എന്ന ലക്ഷ്യത്തിൽ സംഘടിച്ച ഹിന്ദു വിഭാഗത്തിൽ നിന്നുള്ള അക്രമി സംഘത്തിൽ ആരിഫ് ഉണ്ടായിരുന്നുവെന്നത് അവിശ്വസനീയമാണെന്നും പ്രോസിക്യൂട്ടറുടെ വാദത്തിൽ അവ്യക്തതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ആരിഫ് സംഘത്തിലുണ്ടായിരുന്നുവെന്നതിന് സി.സി.ടി.വി ദൃശ്യങ്ങളോ മറ്റു തെളിവുകളോ കോടതിയിൽ നൽകിയിരുന്നില്ല. അക്രമം നടന്ന സ്ഥലത്തെ താമസക്കാരനാണ് പ്രതി ചേർക്കപ്പെട്ട ആരിഫ്. മൊബൈൽ ഫോൺ ലൊക്കേഷൻ രേഖകളുപയോഗിച്ച് പ്രതി ചേർക്കാനാണ് പൊലീസ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.