ന്യൂഡൽഹി: ഹിന്ദുപേരുകളിൽ മുസ്ലിംകൾ കടകൾ തുറക്കരുതെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഹിന്ദുക്കൾ ചമഞ്ഞ് ഉത്സവ കാലങ്ങളിൽ ഹിന്ദു പേരുകളിൽ മുസ്ലിംകൾ കടകൾ തുറക്കരുത്. ഇത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും.
ഇത്തരത്തിൽ കടകൾക്ക് പേരിടുന്നവർക്കെതിരെ അധികാരികൾ നടപടി എടുക്കണമെന്നും മന്ത്രി പറഞ്ഞു. മൂന്നാം മോദി സർക്കാറിലെ ടെക്സ്റ്റൈൽസ് മന്ത്രിയായ ഗിരിരാജ് ബിഹാറിലെ ബേഗുസറായ് മണ്ഡലത്തിൽനിന്നാണ് ലോക്സഭയിലെത്തിയത്. പ്രസ്താവന നാണക്കേടെന്നും ജാതി കാർഡ് ജനം തള്ളിയെന്ന് ബി.ജെ.പി ഇനിയെങ്കിലും തിരിച്ചറിയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സമാജ്വാദി പാർട്ടിയും പ്രസ്താവനക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുമ്പും വിദ്വേഷ പ്രസ്താവനകളുടെ പേരിൽ കുപ്രസിദ്ധി നേടിയ ആളാണ് ഗിരിരാജ് സിങ്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തനിക്ക് മുസ്ലിംകൾ വോട്ടുചെയ്തിട്ടില്ലെന്ന് ഗിരിരാജ് സിങ് പറഞ്ഞത് വിവാദമായിരുന്നു.
ഏപ്രിൽ 19ന് ബെഗുസറായിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ വിദ്വേഷം പ്രസംഗിച്ചതിന് സി.പി.ഐ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. നേരത്തേ മഹാത്മ ഗാന്ധി വധവുമായി ബന്ധപ്പെട്ട് ഗോദ്സെയെ പുകഴ്ത്തി പൊതുപരിപാടിയിൽ പ്രസംഗിച്ചതിന് കോൺഗ്രസും ഗിരിരാജിനെതിരെ രംഗത്തെത്തിയിരുന്നു.
നിതീഷ് കുമാർ സർക്കാറിലെ മുൻ മന്ത്രിയായിരുന്ന സിങ് 2014ൽ ഝാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ നരേന്ദ്ര മോദിയെ എതിർക്കുന്നവർ പാകിസ്താനിലേക്ക് പോകണമെന്ന് പറഞ്ഞത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.