മുസഫർനഗർ കലാപം: ബി.ജെ.പി എം.എൽ.എ വിക്രം സെയ്നിയടക്കം 11 പേർക്ക് രണ്ടു വർഷം തടവ്

ലഖ്നോ: മുസഫർനഗർ കലാപക്കേസിൽ ബി.ജെ.പി എം.എൽ.എ വിക്രം സെയ്നി അടക്കം 11 പേർക്ക് രണ്ടുവർഷത്തെ തടവും 10,000 രൂപ പിഴയും വിധിച്ച് പ്രത്യേക കോടതി. കലാപത്തിനൊപ്പം മറ്റ് കുറ്റങ്ങൾ കൂടി ചുമത്തിയാണ് പ്രത്യേക എം.പി/എം.എൽ.എ കോടതി ശിക്ഷ വിധിച്ചത്. തെളിവില്ലാത്തതിന്റെ അടിസ്ഥാനത്തിൽ 15 പേരെ പ്രത്യേക ജഡ്ജി ഗോപാൽ ഉപാധ്യായ് വെറുതെ വിട്ടു. കലാപക്കേസിൽ ബി.ജെ.പി എം.എൽ.എ അടക്കം 26 പേരാണ് വിചാരണ നേരിടുന്നത്.

യു.പിയിലെ ഖതൗലിയില്‍ നിന്നുള്ള എം.എല്‍.എയാണ് സെയ്‌നി. മുസഫർനഗറിൽ 2013 ആഗസ്റ്റിലുണ്ടായ കലാപത്തില്‍ 62 പേരാണ് കൊല്ലപ്പെട്ടത്. ജാട്ട് സമുദായത്തില്‍ പെട്ട രണ്ട് യുവാക്കളുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം കവാല്‍ ഗ്രാമത്തില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ കലാപം അരങ്ങേറുകയായിരുന്നു. 40,000 പേര്‍ പ്രദേശം വിടാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.

മുസഫർനഗർ കലാപവുമായി ബന്ധപ്പെട്ട് യു.പി സർക്കാർ 510 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അതിൽ 175 കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. 165 എണ്ണത്തിൽ അന്തിമറിപ്പോർട്ട് സമർപ്പിച്ചു. 170 കേസുകൾ ഒഴിവാക്കി. 77 കേസുകൾ യു.പി സർക്കാർ പിൻവലിച്ചിരുന്നു. കേസ് പിൻവലിക്കാനുണ്ടായ കാരണം യു.പി സർക്കാർ വ്യക്തമാക്കിയിരുന്നില്ല.

നിരവധി വിവാദ പരാമർശങ്ങളിലൂടെ വാർത്തകളിൽ ഇടം നേടിയ വ്യക്തിയാണ് സെയ്നി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോൾ, കശ്മീരിലെ സുന്ദരികളായ സ്ത്രീകളെ വിവാഹം കഴിക്കാൻ സാധിക്കു​മെന്നതിൽ ബി.ജെ.പി പ്രവർത്തകൾ വലിയ ആവേശത്തിലാണ് എന്നായിരുന്നു സെയ്നിയുടെ പ്രതികരണം. ഇന്ത്യ സുരക്ഷിതമല്ല എന്നു തോന്നുന്നവരെ ​ബോംബിടണമെന്നും 2019ൽ സെയ്നി ആക്രോശിച്ചിരുന്നു. ഹിന്ദുക്കൾ ഉള്ളതിനാലാണ് ഇന്ത്യ ഹിന്ദുസ്ഥാൻ എന്നറിയപ്പെടുന്നതെന്ന് 2018ൽ സെയ്നി അവകാശപ്പെടുകയുണ്ടായി.

Tags:    
News Summary - Muzaffarnagar riots: BJP mla vikram saini, 11 others convicted, sentenced to Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.