യു.പിയിലെ ലുലു മാളിനെതിരെ ബഹിഷ്കരണ ആഹ്വാനവുമായി ഹിന്ദുമഹാസഭ

ലഖ്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ലഖ്നോവിലെ ലുലു മാളിനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകൾ. അഖില ഭാരത ഹിന്ദു മഹാസഭ, ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ തുടങ്ങിയവയാണ് മാളിനെതിരെ രംഗത്തെത്തിയത്. എല്ലാ ഹിന്ദുക്കളും മാൾ ബഹിഷ്കരിക്കണമെന്ന് ഹിന്ദുമഹാസഭ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മാളിലെ പ്രാർഥനാമുറിയിൽ നമസ്കരിക്കുന്നവരുടെ ദൃശ്യങ്ങൾ ചിലർ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഡിയോ പങ്കുവെച്ച് ബഹിഷ്കരണാഹ്വാനവുമായി തീവ്രഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയത്.

ലുലു മാളിന്‍റെ അകത്തിരുന്നാണ് ആളുകൾ നിസ്കരിച്ചതെന്നും ഇത് പൊതു സ്ഥലങ്ങളിൽ നമസ്കരിക്കരുതെന്ന സർക്കാർ ഉത്തരവിന്റെ ലംഘനമാണെന്നും ഹിന്ദു മഹാസഭ ദേശീയ വക്താവ് ശിശിർ ചതുർവേദി ആരോപിച്ചു. ഇത്തരം സംഭവങ്ങാൾ ആവർത്തിക്കാതെ സൂക്ഷിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് പറയുമെന്ന് ശിശിർ ചതുർവേദി കൂട്ടിച്ചേർത്തു.

'മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈയിടെ തുറന്നുകൊടുത്ത ലുലുമാളില്‍ മുസ്‌ലിങ്ങള്‍ നമസ്‌കരിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. മാളിലെ പുരുഷ ജീവനക്കാരെല്ലാം മുസ്‌ലിങ്ങളും വനിതാ ജീവനക്കാരെല്ലാം ഹിന്ദുക്കളുമാണ്' തുടങ്ങിയ ട്വീറ്റുകളാണ് പ്രചരിപ്പിക്കുന്നത്. മാളില്‍ നമസ്‌കാരം തുടര്‍ന്നാല്‍ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കുമെന്ന് ശിശിര്‍ ചതുര്‍വേദി പറഞ്ഞു. മാളില്‍ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നതായും ഇവർ പ്രചരിപ്പിക്കുന്നുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ഹിന്ദുത്വ സംഘടനകൾ ലഖ്നോ പൊലീസിൽ പരാതി നൽകി.

22 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ലഖ്നോ വിമാനത്താവളത്തിനടുത്ത് ശഹീദ് പഥിലാണ് മാള്‍ സ്ഥിതി ചെയ്യുന്നത്. ജൂലൈ 10നായിരുന്നു ഉദ്ഘാടനം. ആദ്യ ദിനം തന്നെ സന്ദര്‍ശകരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഉത്തരേന്ത്യയിലെ തന്നെ ഏറ്റവും വലിയ മാളാണിത്.

ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള വമ്പന്‍ ഓഫറുകള്‍ സ്വന്തമാക്കാന്‍ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലടക്കം വന്‍ തിരക്കായിരുന്നു. ലുലു ഫാഷന്‍ സ്റ്റോറിലും ലുലു കണക്ടിലും അന്‍പത് ശതമാനം വരെ ഇളവുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയത്.

മാളില്‍ പി.വി.ആറിന്‍റെ 11 സ്ക്രീനുകളുള്ള അത്യാധുനിക തിയറ്ററുകളും വൈകാതെ തുറക്കും. 3000 വാഹനങ്ങള്‍ ഒരേസമയം പാര്‍ക്ക് ചെയ്യാന്‍ ഇവിടെ സൗകര്യമുണ്ട്.

Tags:    
News Summary - Namaz offered at Lucknow’s Lulu Mall, Hindu organisation raises objection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.