ന്യൂഡൽഹി: പുനരധിവാസത്തിന് ചേരിനിവാസികളുടെ പേര് വോട്ടർപട്ടികയിൽ വേണമെന്നത് നിർബന്ധമാക്കാനാകില്ലെന്ന് ഡൽഹി ഹൈകോടതി.
ചേരിയിൽ ദീർഘകാലമായി ജീവിക്കുന്നുവെന്ന മറ്റു രേഖകൾ കാണിച്ചാൽ ഇവരെ പുനരധിവാസത്തിന് പരിഗണിക്കാമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി. ഹരിശങ്കർ എന്നിവരടങ്ങിയ െബഞ്ച് ഡൽഹി സർക്കാറിന് നിർദേശം നൽകി. ഇത്തരം കാര്യങ്ങളിൽ വസ്തുനിഷ്ഠവും സമഗ്രവുമായ കാഴ്ചപ്പാട് സ്വീകരിക്കണമെന്ന് കോടതി ഒാർമിപ്പിച്ചു.
ദേശീയപാത 24നുസമീപം രാജീവ് ക്യാമ്പിൽ താമസിക്കുന്ന 28 ചേരിനിവാസികൾ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഡൽഹിയെ ലഖ്നോയുമായി ബന്ധിപ്പിക്കുന്ന ദേശീയപാത വീതികൂട്ടുന്നതിെൻറ ഭാഗമായി കഴിഞ്ഞ ഫെബ്രുവരി ഒമ്പതിന് ഇവരുടെ കുടിലുകൾ െപാളിച്ചുമാറ്റിയിരുന്നു.
ഇവരുടെ പേര് 2012 മുതൽ 2016 വരെയുള്ള വോട്ടർപട്ടികയിൽ ഇല്ല എന്ന കാരണത്താൽ ഡൽഹി സർക്കാറിനുകീഴിലെ നഗരസംരക്ഷണ ബോർഡ് പുനരധിവാസത്തിന് അയോഗ്യരായി പ്രഖ്യാപിക്കുകയായിരുന്നു. ഹരജിക്കാരിൽ 14 പേർ വൈദ്യുതി ബിൽ, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ രേഖകൾ നൽകിയതിനാൽ ഫ്ലാറ്റിന് അർഹരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വോട്ടർപട്ടികയിൽ പേര് വരാതിരിക്കാൻ നിരവധി കാരണങ്ങളുണ്ടാകാമെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.