മുംബൈ: മുസ്‌ലിം പള്ളിയുടെ 100 മീറ്റർ ചുറ്റളവിൽ ബാങ്ക് വിളിക്കുന്നതിന്‍റെ മുമ്പും ശേഷവുമുള്ള പതിനഞ്ച് മിനിറ്റിൽ ഭജനയോ പാട്ടോ വായിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ നാസിക് പൊലീസ് കമീഷണറെ സ്ഥലം മാറ്റി. ദീപക് പാണ്ഡെയെയാണ് സർക്കാർ സ്ഥലംമാറ്റിയത്.
വനിതകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയൽ സ്പെഷൽ ഐ.ജിയായാണ് പുതിയ നിയമനം. പാണ്ഡെയുടെ നിർദേശത്തിനെതിരെ തീവ്ര ഹിന്ദുത്വ സംഘടനകൾ രംഗത്തുവന്നിരുന്നു. നാസികിലെ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് മേയ് മൂന്നിനകം അനുമതി തേടണമെന്നും വീഴ്ചവരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പാണ്ഡെ അറിയിച്ചിരുന്നു.
മെയ് മൂന്നിനുള്ളിൽ പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് മഹാരാഷ്ട്ര സർക്കാറിന് എം.എൻ.എസ് തലവൻ രാജ് താക്കറെ അന്ത്യശാസനം നൽകിയതിനു പിന്നാലെയായിരുന്നു പാണ്ഡെയുടെ ഉത്തരവ്. കൂടാതെ, റവന്യൂ ഉദ്യോഗസ്ഥർ ഭൂമാഫിയയുമായി കൈകോർത്ത് ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് ആരോപിച്ച് ഡി.ജി.പിക്ക് അദ്ദേഹം കത്തയക്കുകയും ചെയ്തിരുന്നു. റവന്യൂ ഉദ്യോഗസ്ഥരുടെയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയും അധികാരം പൊലീസിന് നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
കത്തിനെതിരെ പ്രതിഷേധം ഉയരുകയും സംസ്ഥാന മന്ത്രിസഭ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.