ന്യൂഡൽഹി: പൗരത്വ പ്രക്ഷോഭത്തിെൻറ പേരിൽ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാർഥി നേതാക്കളുടെ ജയിൽ മോചനം നീട്ടിക്കൊണ്ടുപോകാനുള്ള ഡൽഹി പൊലീസിെൻറ ശ്രമം പൊളിഞ്ഞു.
ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ച ജാമിഅ മില്ലിയ്യ വിദ്യാർഥിയും എസ്.ഐ.ഒ നേതാവുമായ ആസിഫ് ഇഖ്ബാൽ തൻഹ, ജെ.എൻ.യു വിദ്യാർഥികളും പിഞ്ച്റ തോഡ് പ്രവർത്തകരുമായ നതാഷ നർവാൾ, ദേവാംഗന കലിത എന്നിവർ വ്യാഴാഴ്ച വൈകീട്ടോടെ ജയിൽ മോചിതരായി. മോചനം ൈവകിപ്പിക്കാൻ വിദ്യാർഥികളുടെയും ജാമ്യം നിന്നവരുടെയും മേല്‍വിലാസങ്ങള്‍ ശരിയാണോ എന്ന് വിലയിരുത്താന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസ് ബുധനാഴ്ച കീഴ്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.
ആസിഫ്, ദേവാംഗന എന്നിവർ ഝാർഖണ്ഡ്, അസം സ്വദേശികളാണ്. ഇവരുടെ വിവരങ്ങൾ സമർപ്പിക്കാൻ ജൂൺ 22 വരെ സമയം വേണമെന്നായിരുന്നു പൊലീസ് വാദം. ഹരിയാനയിലെ റോത്തക് സ്വദേശിയായ നതാഷക്കായി 19 വരെയും സമയം ആവശ്യമുണ്ട്. മൂന്നുപേരു െടയും ജാമ്യക്കാരുടെ ആധാർ വിവരങ്ങൾ അടക്കം പരിശോധിക്കണം. നടപടി ക്രമങ്ങൾ അവസാനിക്കും വരെ ഇവരെ മോചിപ്പിക്കരുതെന്ന് ഡൽഹി പൊലീസ് വാദിച്ചു. ഇതിനെതിരെ വിദ്യാർഥികളുടെ അഭിഭാഷകരും കോടതിയെ സമീപിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിക്കകം നടപടികൾ പൂർത്തിയാക്കി ഉടൻ ജയിൽ മോചിതരാക്കണമെന്ന് കീഴ്കോടതി ഉത്തരവിട്ടു.
ഇതോടെ തിഹാർ ജയിലിൽ കഴിഞ്ഞ മൂന്നുപേരും വൈകീട്ടോടെ പുറത്തിറങ്ങി. പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹ കുറ്റമല്ലെന്നും അതിശയോക്തി കലർത്തി പെരുപ്പിച്ച് വലിച്ചുനീട്ടിയതാണ് ഡൽഹി പൊലീസിെൻറ കുറ്റപത്രമെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ സിദ്ധാർഥ് മൃദുൽ, അനൂപ് ജയറാം ഭംഭാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഒരു വർഷത്തിലധികമായി ജയിലിൽ കഴിയുന്ന വിദ്യാർഥി നേതാക്കൾക്ക് ജാമ്യം നൽകിയത്.
അതിനിടെ, സമരങ്ങൾ അമർച്ച ചെയ്യാൻ യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചാർത്തുന്നതിനെതിരെ ഡൽഹി ഹൈകോടതി നടത്തിയ പരാമർശങ്ങൾക്കെതിരെയും വിദ്യാർഥികൾക്ക് ജാമ്യം നൽകിയതിനെതിരെയും ഡൽഹി പൊലീസ് നൽകിയ അപേക്ഷ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.
ന്യൂഡൽഹി: ''ജയിലിലിട്ട് പേടിപ്പിക്കാമെന്ന് കരുതേണ്ട. സർക്കാറിെൻറ ഇത്തരം നീക്കങ്ങളിൽ പേടിയില്ലാത്തവരാണ് ഞങ്ങൾ. സർക്കാറിെൻറ പരിഭ്രാന്തിയാണ് യഥാർഥത്തിൽ വെളിവായത്'' -കോടതി ഇടപെടലിനൊടുവിൽ തിഹാർ ജയിലിൽനിന്ന് ഇറങ്ങിയ വിദ്യാർഥി പ്രക്ഷോഭകരായ ആസിഫ് ഇഖ്ബാൽ തൻഹ, നതാഷ നർവാൾ, ദേവാംഗന കലിത എന്നിവർ പറഞ്ഞു. ജയിൽകവാടത്തിന് പുറത്ത് ഒട്ടേറെ പേരാണ് അവരെ എതിരേൽക്കാൻ മുദ്രാവാക്യങ്ങളുമായി തടിച്ചുകൂടിയത്.
ഈ പോരാട്ടത്തിൽ പിടിച്ചുനിൽക്കാൻ കഴിയുന്നത് സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും വലിയ പിന്തുണകൊണ്ടാണെന്ന് അവർ പറഞ്ഞു. പ്രതിഷേധവും സമരവും ഭീകരപ്രവർത്തനമല്ലെന്ന് ചൂണ്ടിക്കാട്ടി ജനാധിപത്യ സങ്കൽപങ്ങൾ ഉയർത്തിപ്പിടിച്ച കോടതിയോടും അതിരറ്റ നന്ദി. നിയമനടപടികൾ തുടരുന്നതിനാൽ കൂടുതൽ പ്രതികരണത്തിന് വിദ്യാർഥി നേതാക്കൾ തയാറായില്ല. തടവിലിടാനാണ് സർക്കാർ ശ്രമമെങ്കിൽ, പോരാട്ടം തുടരാനുള്ള നിശ്ചയദാർഢ്യത്തെ അത് ശക്തിപ്പെടുത്തുമെന്ന് അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.