ചെന്നൈ∙ സിനിമ തിയേറ്ററിൽ ദേശീയഗാനം കേൾപ്പിച്ചപ്പോൾ എഴുന്നേറ്റു നിൽക്കാതിരുന്ന മൂന്നു പേർക്കു മർദനം. ചെന്നൈ 28-2 എന്ന സിനിമ പ്രദർശിക്കവേ ചെന്നൈ അശോക് നഗറിലെ കാശി തിയറ്ററിലാണ് സംഭവം. 20 പേരടങ്ങുന്ന സംഘം രണ്ടു യുവതികളെയും യുവാവിനെയും മർദിക്കുകയായിരുന്നു. ചിത്രത്തിന്റെ ഇടവേള സമയത്താണു തർക്കമുണ്ടായത്. എഴുന്നേറ്റു നിൽക്കാതിരുന്ന മൂന്നു പേർക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. തിയറ്ററിൽ ദേശിയഗാനം നിർബന്ധമാക്കിയതിന് ശേഷമുള്ള രാജ്യത്തെ ആദ്യ കേസാണിത്.
ദേശീയഗാനത്തിന് എഴുന്നേറ്റു നിൽക്കാത്തതിന്റെ കാരണം ചോദിച്ച് സംഘം ഇവരെ സമീപിക്കുകയായിരുന്നു. തിയറ്റർ അതിനുള്ള സ്ഥലമല്ലെന്നും എഴുന്നേറ്റു നിൽക്കണമെന്ന് നിർബന്ധമില്ലാത്തതിനാലാണ് തങ്ങൾ എഴുന്നേറ്റ് നിൽക്കാത്തതെന്ന് യുവതീയുവാക്കൾ പറഞ്ഞു. ദേശീയ ഗാനം കേൾപ്പിച്ചപ്പോൾ ഇവർ സെൽഫി എടുക്കുകയായിരുന്നുവെന്നും അതിനാലാണ് തർക്കമുണ്ടായതെന്നുമാണ് മറ്റൊരു റിപ്പോർട്ട്. തർക്കം രൂക്ഷമായതോടെ തിയറ്റർ വിട്ടുപോകാൻ മാനേജർ ആവശ്യപ്പെട്ടെങ്കിലും ടിക്കറ്റ് എടുത്തതിനാൽ സിനിമ കഴിഞ്ഞേ പോകുവെന്ന് പറയുകയും ഇതിൽ പ്രകോപിതരായ യുവതികളെയും യുവാവിനെയും മർദിക്കുകയായിരുന്നു.
നേരത്തെ രാജ്യത്തെ എല്ലാ സിനിമ തിയറ്ററിലും ദേശീയഗാനം നിർബന്ധമായി കേൾപ്പിക്കണമെന്നും എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.