ഇംഫാൽ:: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരായി നടത്തിച്ച് മാനഭംഗപ്പെടുത്തിയ സംഭവത്തിൽ ദേശീയ വനിത കമീഷൻ സ്വമേധയാ കേസെടുത്തു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മണിപ്പൂർ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ഡി.ജി.പിയോട് ഫോണിൽ സംസാരിച്ചതായി ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമ ട്വീറ്റ് ചെയ്തു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്നുമാണ് ഡി.ജി.പി അറിയിച്ചതെന്നും അവർ പറഞ്ഞു.
സംഭവത്തിൽ നടുക്കം പ്രകടിപ്പിച്ച ഡൽഹി വനിത കമീഷൻ അധ്യക്ഷ സ്വാതി മലിവാൾ മണിപ്പൂരിലെ അക്രമം അവസാനിപ്പിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതല്ലാതെ കുറ്റവാളികളെ പിടികൂടാൻ ഒന്നും ചെയ്തില്ല. രണ്ടര മാസത്തോളം കുറ്റവാളികൾ സ്വതന്ത്രരായി നടന്നത് രാജ്യത്തിനാകെ നാണക്കേടാണ്.
അക്രമത്തിനിരയായ സ്ത്രീകളെ കാണാൻ മണിപ്പൂർ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നതായും പ്രധാനമന്ത്രിയോട് സന്ദർശനത്തിന് ആവശ്യപ്പെട്ടതായും മലിവാൾ പറഞ്ഞു. കേന്ദ്ര വനിത- ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങുമായി ഫോണിൽ സംസാരിച്ചു. ഇരകൾക്ക് നീതി ലഭിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടതായി അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.