തലസ്ഥാനത്ത് പൊലീസ് നരനായാട്ട്: വസ്ത്രം വലിച്ചുകീറി, ഷൂസ് വലിച്ചെറിഞ്ഞു, ക്രിമിനലിനെ പോലെ കൈകാര്യം ചെയ്തുവെന്ന് വനിതാ എം.പി, വിഡിയോയുമായി ശശി തരൂർ

ന്യൂഡൽഹി: തലസ്ഥാനത്ത് ബുധനാഴ്ച നടന്ന പ്രതിഷേധത്തിനിടെ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കൈകാര്യം ചെയ്തെന്ന ആരോപണങ്ങൾക്കിടെ, പൊലീസിനെതിരെ രൂക്ഷ ആരോപണവുമായി കോൺഗ്രസ് എം.പി ​ജ്യോതിമണി രംഗത്ത്. ഡൽഹി പൊലീസ് ക്രൂരമായി മർദിച്ചെന്ന് ജ്യോതി ആരോപിച്ചു. ഡൽഹി പൊലീസിന്റെ ക്രൂരത വിവരിക്കുന്ന ജ്യോതിമണിയുടെ വിഡിയോ ശശി തരൂർ പങ്കുവെച്ചിട്ടുണ്ട്.

'ജനാധിപത്യത്തിന്റെ അതിര് ലംഘിച്ചിരിക്കുകയാണ്. വനിതാ പ്രതിഷേധക്കാരിയോട് എല്ലാ മര്യാദയും ലംഘിച്ചുകൊണ്ടാണ് പെരുമാറിയിരിക്കുന്നത്. ലോക്സഭാ എം.പിയോട് ഇത്രയും താഴ്ന്ന രീതിയിൽ പെരുമാറുന്നത് ആദ്യമാണ്. ഡൽഹി പൊലീസിന്റെ പെരുമാറ്റംത്തിൽ അപലപിക്കുന്നു. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. സ്പീക്കർ ഓം ബിർല നടപടിയെടുക്കണം' - ശശി തരൂർ ട്വീറ്റ് ചെയ്തു.

ജ്യോതിമണിയുടെ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് ശശി തരൂർ ട്വീറ്റ് ചെയ്തത്. വിഡിയോയിൽ ജ്യോതിമണി ലോക്സഭാ സ്പീക്കർ ഓം ബിർലയെ അഭിസംബോധന ചെയ്താണ് സംസാരിക്കുന്നത്.

ഞാൻ തമിഴ്നാട് കരൂരിലെ ലോക്സഭാ എം.പിയാണ്. നിങ്ങളുടെ സഭയിലെ അംഗമാണ്. ഡൽഹി പൊലീസ് ഞങ്ങളെ ക്രൂരമായി ഉപദ്രവിച്ചു. എന്റെ വസ്ത്രം വലിച്ചു കീറി, ഷൂസ് വലിച്ചെറിഞ്ഞു. ക്രിമിനലിനെ പോലെ കൈകാര്യം ചെയ്തു. വെള്ളം ചോദിച്ചിട്ട് പോലും തന്നില്ല. ബസിൽ താനടക്കം എട്ട് സ്ത്രീകളുണ്ട്. ഞങ്ങൾ നിരന്തരം വെള്ളത്തിന് ആവശ്യപ്പെട്ടിട്ടും അവർ നിരസിച്ചു. പുറത്തു നിന്ന് വാങ്ങാൻ ശ്രമിച്ചപ്പോൾ വിൽപ്പനക്കാരോട് ഞങ്ങൾക്ക് വെള്ളം നൽകരു​തെന്ന് പറഞ്ഞു. - ജ്യോതിമണി ആരോപിക്കുന്നു. ഇങ്ങനെയാണോ വനിതാ പാർലമെന്റ് അംഗത്തോട് പെരുമറുന്നതെന്നും രാഷ്ട്രീയ പാർട്ടികളിലെ സ്ത്രീകളെ ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നതെന്നും അവർ ചോദിക്കുന്നു.

കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം നടന്നിരുന്നു. അതിനിടെ പ്രതിഷേധക്കാരെ പൊലീസ് മർദിക്കുകയും സ്ത്രീകളെയടക്കം റോഡിലൂടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - National Herald Case Protest: Women MP Jothimani alleged assaulted by the Delhi police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.