ലൈംഗിക ആഭിമുഖ്യവും ലിംഗ വ്യക്തിത്വവും 'മാറ്റ ചികിത്സ'ക്ക് വിധേയമാക്കുന്നത് നിരോധിച്ച് നാഷനൽ മെഡിക്കൽ കമീഷൻ

ഒരു വ്യക്തിയുടെ ലൈംഗിക ആഭിമുഖ്യവും ലിംഗ വ്യക്തിത്വവും ചികിത്സയിലൂടെ മാറ്റാൻ ശ്രമിക്കുന്നത് (കൺവേർഷൻ തെറാപ്പി) കുറ്റകരമാണെന്ന് ഇന്ത്യൻ മെഡിക്കൽ റെഗുലേറ്ററി ബോഡിയായ നാഷനൽ മെഡിക്കൽ കമീഷൻ. ക്വിയർ വ്യക്തികളെ 'സുഖപ്പെടുത്താൻ' വിധേയമാക്കുന്ന പരിവർത്തന തെറാപ്പി നിരോധിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചതായി എൻ.എം.സി മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.

നിയമവിരുദ്ധവും തൊഴിൽ നൈതികതക്ക് നിരക്കാത്തതുമാണ് കൺവേർഷൻ തെറാപ്പി എന്നും എൻ.എം.സി വ്യക്തമാക്കി. ആഗസ്റ്റ് 25ന് സംസ്ഥാന മെഡിക്കൽ കൗൺസിലുകൾക്ക് വിജ്ഞാപനം പുറപ്പെടുവിച്ചതായി എൻ.എം.സി കോടതിയെ അറിയിച്ചു. എൽ.ജി.ബി.ടി.ക്യു.ഐ.എ+ വിഭാഗങ്ങളിൽപെട്ട ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങളുടെ സാമൂഹിക ജീവിതം മെച്ചപ്പെടുത്തുന്നതിന് മദ്രാസ് ഹൈക്കോടതിയിൽ നിന്നുള്ള നിരവധി ഉത്തരവുകൾക്ക് ശേഷമാണ് നാഷനൽ മെഡിക്കൽ കമീഷന്റെ നീക്കമെന്ന് 'ദി പ്രിന്റ്' റിപ്പോർട്ട് ചെയ്യുന്നു. കൺവേർഷൻ തെറാപ്പി ഒരു പ്രഫഷനൽ ദുരാചാരമാണെന്നും അങ്ങനെ ചെയ്യുന്ന ഡോക്ടർമാരെ പ്രോസിക്യൂട്ട് ചെയ്യുന്നത് ഉറപ്പാക്കാൻ എൻ.എം.സി ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കഴിഞ്ഞ ജൂലൈ എട്ടിന് ഉത്തരവിട്ടിരുന്നു.

കോടതി പറഞ്ഞത്

ഒരു വ്യക്തിയുടെ ലൈംഗിക ആഭിമുഖ്യം, ലിംഗ വ്യക്തിത്വം, അല്ലെങ്കിൽ ലിംഗ ആവിഷ്കാരം എന്നിവ മാറ്റാനുള്ള ശ്രമമാണ് കൺവേർഷൻ തെറാപ്പി. ചിലപ്പോൾ റിപ്പറേറ്റീവ് തെറാപ്പി എന്ന് വിളിക്കപ്പെടുന്ന ഈ സമ്പ്രദായത്തിൽ സംസാര ചികിത്സകളും പ്രാർത്ഥനകളും കൂടാതെ ഭൂതോച്ചാടനം, ശാരീരിക അക്രമം, ഭക്ഷണം നൽകാതിരിക്കൽ എന്നിവ പോലുള്ള തീവ്രമായ സമ്പ്രദായങ്ങളും ഉൾപ്പെട്ടേക്കാം. ഒരു വ്യക്തിയുടെ ലൈംഗിക ആഭിമുഖ്യമോ ലിംഗ വ്യക്തിത്വമോ മാറ്റി 'സൗഖ്യമാക്കാൻ' അയാളുടെ ലൈംഗിക അല്ലെങ്കിൽ ലിംഗ സ്വത്വം നിർത്താനോ അടിച്ചമർത്താനോ ഈ രീതികൾ ഉപയോഗിക്കുന്നു. നിയമം അന്തിമഘട്ടത്തിലാണെന്ന് സർക്കാർ കോടതിയിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ് (അവകാശ സംരക്ഷണം) ചട്ടങ്ങൾ അറിയിക്കാൻ മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സർക്കാരിന് 12 ആഴ്ച സമയം അനുവദിച്ചു.

Tags:    
News Summary - National Medical Commission bans ‘Conversion Therapy’, calls it professional misconduct

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.