ന്യൂഡൽഹി: എട്ട് ദേശീയ പാർട്ടികൾ 2021-22ൽ പ്രഖ്യാപിച്ച മൊത്തം ആസ്തി 8,829 കോടി രൂപയെന്ന് തെരഞ്ഞെടുപ്പ് പരിഷ്കരണ ഉപദേശക സംഘമായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റീഫോംസിന്റെ (എ.ഡി.ആർ) റിപ്പോർട്ട്. 2020-21 കാലയളവിൽ ഇത് 7,297 കോടി രൂപയായിരുന്നു. 2020-21, 2021-22 സാമ്പത്തിക വർഷത്തിൽ ബി.ജെ.പി, കോൺഗ്രസ്, എൻ.സി.പി, ബി.എസ്.പി, സി.പി.ഐ, സി.പി.എം, തൃണമൂൽ കോൺഗ്രസ്, നാഷനൽ പീപ്ൾസ് പാർട്ടി എന്നീ ദേശീയ പാർട്ടികൾ പ്രഖ്യാപിച്ച ആസ്തികളും ബാധ്യതകളും അടിസ്ഥാനമാക്കിയാണ് എ.ഡി.ആർ റിപ്പോർട്ട് തയാറാക്കിയത്.
2020-21 സാമ്പത്തിക വർഷത്തിൽ ബി.ജെ.പി 4,990 കോടി രൂപയുടെ ആസ്തിയാണ് പ്രഖ്യാപിച്ചത്. 2021-22ൽ 21.17 ശതമാനം വർധിച്ച് ഇത് 6,046.81 കോടിയായി. 2020-21ൽ കോൺഗ്രസിന്റെ പ്രഖ്യാപിത ആസ്തി 691.11 കോടിയായിരുന്നു. തൊട്ടടുത്ത വർഷം ഇത് 16.58 ശതമാനം ഉയർന്ന് 805.68 കോടിയായി. വാർഷിക ആസ്തിയിൽ കുറവുവന്ന ഏക ദേശീയ പാർട്ടി ബി.എസ്.പിയാണ്. 2020-22 കാലത്ത് പാർട്ടിയുടെ ആസ്തിയിൽ 5.74 ശതമാനം കുറവുണ്ടായി. 732.79 കോടിയിൽനിന്ന് 690.71 കോടിയിലെത്തി. തൃണമൂലിന്റെ ആസ്തി 2020-21ൽ 182 കോടിയിൽനിന്ന് 151.70 ശതമാനം വർധിച്ച് 458.10 കോടിയായി.
2020-21 സാമ്പത്തിക വർഷത്തിൽ ദേശീയ പാർട്ടികൾ പ്രഖ്യാപിച്ച മൊത്തം ബാധ്യത 103.55 കോടി രൂപയാണ്. കൂടുതൽ ബാധ്യത കോൺഗ്രസിനാണ്- 71.58 കോടി. 16.109 കോടിയുമായി സി.പി.എമ്മാണ് തൊട്ടുപിന്നിൽ. 2021-22 സാമ്പത്തിക വർഷത്തിലും കൂടുതൽ ബാധ്യതയുണ്ടായത് കോൺഗ്രസിനാണ്- 41.95 കോടി. സി.പി.എം തന്നെയാണ് തൊട്ടുപിന്നിൽ- 12.21 കോടി. ബി.ജെ.പിക്ക് 5.17 കോടിയാണ് ഈ കാലയളവിലെ ബാധ്യത.
2020-22 കാലത്ത് അഞ്ച് പാർട്ടികൾക്ക് ബാധ്യതകളിൽ കുറവുണ്ടായി. കോൺഗ്രസിന് 29.63 കോടി യും ബി.ജെ.പിക്ക് 6.03 കോടിയും സി.പി.എമ്മിന് 3.89 കോടിയും തൃണമൂലിന് 1.30 കോടിയും എൻ.സി.പിക്ക് ലക്ഷം രൂപയും. 2020-21 സാമ്പത്തിക വർഷത്തിൽ ദേശീയ പാർട്ടികൾ നീക്കിവെച്ച മൊത്തം മൂലധനം/കരുതൽ ഫണ്ട് 7,194 കോടി രൂപയും 2021-22 ൽ 8,766 കോടി രൂപയുമാണ്.
2021-22 സാമ്പത്തിക വർഷത്തിൽ ബി.ജെ.പിക്കാണ് ഏറ്റവും ഉയർന്ന മൂലധനമുള്ളത്- 6,041 കോടി. കോൺഗ്രസിന് 763.73 കോടിയും സി.പി.എമ്മിന് 723.56 കോടിയുമാണ് മൂലധനം. 2021-22 സാമ്പത്തിക വർഷത്തിൽ നാഷനൽ പീപ്ൾസ് പാർട്ടിക്ക് 1.82 കോടിയുടെ ഫണ്ട് ഉണ്ടെന്ന് പ്രഖ്യാപിച്ചു. ഏറ്റവും കുറവ് സി.പി.ഐക്കാണ്- 15.67 കോടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.