സുബോധ് കുമാർ സിങ് 

എൻ.ടി.എ ഡയറക്ടർ ജനറൽ സുബോധ് കുമാർ സിങ്ങിനെ മാറ്റി

ന്യൂഡൽഹി: സർക്കാറിന്‍റെ പരീക്ഷ നടത്തിപ്പ് ഏജൻസിയായ എൻ.ടി.എയുടെ (നാഷണൽ ടെസ്റ്റിങ് ഏജൻസി) ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്ന് സുബോധ് കുമാർ സിങ്ങിനെ മാറ്റി. പകരം പ്രദീപ് സിങ് കരോളയ്ക്ക് താൽക്കാലിക ചുമതല നൽകി. നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകൾ വൻ വിവാദമായി മാറിയ പശ്ചാത്തലത്തിലാണ് എൻ.ടി.എ ഡയറക്ടർ ജനറലിനെ കേന്ദ്രം മാറ്റിയിരിക്കുന്നത്. 

മുതിർന്ന ഐ.എ.എസ് ഓഫിസറായ സുബോധ് കുമാർ സിങ് 2023 ജൂണിലാണ് എൻ.ടി.എ ഡയറക്ടർ ജനറലായി നിയമിതനായത്. ഛത്തീസ്ഗഢ് കേഡറിൽ നിന്നുള്ള 1997 ബാച്ച് ഐ.എ.എസ് ഓഫിസറാണ്. ഭക്ഷ്യ, പൊതുവിതരണ വകുപ്പിൽ അഡിഷണൽ സെക്രട്ടറിയായിരിക്കെയാണ് എൻ.ടി.എ ഡയറക്ടർ ജനറലായി നിയമിതനായത്. 

നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകൾ തലവേദനയായ പശ്ചാത്തലത്തിൽ പരീക്ഷ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഐ.എസ്.ആര്‍.ഒ മുൻ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായ ഏഴംഗ സമിതിയാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) മുഖേനയുള്ള പരീക്ഷകളുടെ സുതാര്യവും സുഗമവുമായ നടത്തിപ്പ് ഉറപ്പാക്കുക.

പരീക്ഷ നടത്തിപ്പ്, ഡാറ്റ സുരക്ഷ പ്രോട്ടോക്കോൾ മെച്ചപ്പെടുത്തൽ, എൻ.ടി.എയുടെയും ഘടനയും പ്രവർത്തനവും മെച്ചപ്പെടുത്തൽ എന്നിവയിൽ സമിതി പഠനം നടത്തും. ഹൈദരാബാദ് കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രഫ. ബി ജെ റാവു, ഡൽഹി എയിംസ് മുൻ ഡയറക്ടർ രൺദീപ് ഗുലേറിയ എന്നിവരും സമിതിയിലുണ്ട്. രണ്ട് മാസത്തിനകം സമിതി വിദ്യാഭ്യാസ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കും.

നീറ്റ്, നെറ്റ് പരീക്ഷകളുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെ, പരീക്ഷാത്തട്ടിപ്പ് തടയാൻ ഫെബ്രുവരിയിൽ പാസാക്കിയ നിയമം കഴിഞ്ഞ ദിവസം മുതൽ കേന്ദ്ര സർക്കാർ പ്രാബല്യത്തിലാക്കിയിരുന്നു. പുതിയ നിയമപ്രകാരം ചോദ്യപ്പേപ്പർ ചോർത്തിയാൽ മൂന്നു മുതൽ അഞ്ച് വർഷം വരെ ജയിൽശിക്ഷയും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാം. എല്ലാ കുറ്റങ്ങൾക്കും ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്യുക.

അതിനിടെ, നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തിയ നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിലായി. ഉത്തർപ്രദേശിലെ കുഷിനഗറിൽനിന്ന് നിഖിൽ എന്നയാളെയാണ് സി.ബി.ഐ പിടികൂടിയത്. ഡൽഹിയിൽനിന്നുള്ള സി.ബി.ഐ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ കോട്ടയിൽ പരീക്ഷാ തയാറെടുപ്പ് നടത്തുകയായിരുന്നു നിഖിലെന്നാണ് വിവരം.

Tags:    
News Summary - National Testing Agency Director-General Subodh Kumar removed from post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.