ലോകംചുറ്റി കപ്പൽ യാത്രക്ക് നാവികസേനയിലെ വനിതകൾ; നാവിക സാഗർ പരികർമ രണ്ടിന്‍റെ ലോഗോ പുറത്തിറക്കി

ന്യൂഡൽഹി: നാവികസേനയുടെ പായ് വഞ്ചിയിൽ ലോകം ചുറ്റുന്ന നാവിക സാഗർ പരികർമ രണ്ടിന്‍റെ ലോഗോ പുറത്തിറക്കി. സേനയിലെ രണ്ട് വനിത ഉദ്യോഗസ്ഥർ പായ് വഞ്ചിയിൽ ലോകം ചുറ്റുമെന്ന് നാവികസേന അറിയിച്ചു.

പരിശീലന കപ്പലുകളായ ഐ.എൻ.എസ് തരംഗിണി, ഐ.എൻ.എസ് സുദർശിനി എന്നിവയുടെയും ഐ.എൻ.എസ്.വി മാദേയി, ഐ.എൻ.എസ്.വി തരിണി എന്നിവയിലെയും സഞ്ചാരം വഴി സമുദ്ര കപ്പൽ പര്യവേഷണങ്ങളിൽ ഇന്ത്യൻ നാവികസേന പ്രധാന സ്ഥാനം നേടിയതായും നാവികസേന ചൂണ്ടിക്കാട്ടി.

മലയാളി ലഫ്റ്റനന്‍റ് കമാൻഡർ കെ. ദിൽനയും പുതുച്ചേരി സ്വദേശിയും ലഫ്റ്റനന്‍റ് കമാൻഡറുമായ രൂപ അഴഗിരിസാമിയുമാണ് റിട്ട. കമാൻഡർ അഭിലാഷ് ടോമിയുടെ കീഴിൽ കപ്പൽ പര്യവേഷണത്തിനുള്ള പരിശീലനം നടത്തുന്നത്. ഐ.എൻ.എസ്.വി തരിണിയിലാണ് ഇവരുടെ പരിശീലനം.

2023 മേയിൽ ദിൽനയും രൂപയും ഉൾപ്പെടെ ആറു നാവികരുടെ സംഘം ഗോവയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ വഴി ബ്രസീലിലെ റിയോ ഡി ജനീറോ വരെയും തിരികെയുള്ള ട്രാൻസ് അറ്റ്ലാന്‍റിക് പര്യടനം ഐ.എൻ.എസ്.വി തരിണിയിൽ പൂർത്തിയാക്കിയിരുന്നു.

തുടർന്ന് അഭിലാഷ് ടോമിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കപ്പൽ പര്യവേഷണത്തിനുള്ള രണ്ടംഗ സംഘത്തെ തെരഞ്ഞെടുത്തത്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും ഹ്രസ്വവും ദീർഘവുമായ നിരവധി പരിശീലനങ്ങളാണ് വെല്ലുവിളി നിറഞ്ഞ ദൗത്യത്തിനായി ഇവർക്ക് നൽകുന്നത്.

2012ൽ നാവികസേന ഉദ്യോഗസ്ഥനായിരിക്കെ 'സാഗർ പരിക്രമ'യുടെ ഭാഗമായാണ് മലയാളി നാവികനായ റിട്ട. കമാൻഡർ അഭിലാഷ് ടോമി മുംബൈ തീരത്തു നിന്ന് 'മാദേയി' എന്ന പായ് വഞ്ചിയിൽ ആദ്യമായി ലോക യാത്ര നടത്തിയത്. നാല് ലക്ഷത്തോളം കിലോമീറ്ററുകൾ ഒറ്റക്ക് യാത്ര ചെയ്ത അദ്ദേഹം 2013 ഏപ്രിലിൽ മുംബൈയിൽ തിരിച്ചെത്തി. പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യാക്കാരനുമാണ് അഭിലാഷ് ടോമി.

2018ൽ ഗോൾഡൻ ഗ്ലോബ് റേസിലെ ആദ്യയാത്ര അപകടം മൂലം പൂർത്തിയാക്കാൻ അഭിലാഷ് ടോമിക്ക് സാധിച്ചിരുന്നില്ല. ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ കടൽക്ഷോഭത്തിൽ വഞ്ചിയുടെ പായ്മരത്തിൽ നിന്ന് വീണ അഭിലാഷിന്‍റെ സ്പൈനൽകോഡിന് ഗുരുതര പരിക്കേറ്റിരുന്നു.

പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റുന്ന മത്സരമായ ഗോൾഡൻ ഗ്ലോബ് റേസില്‍ അഭിലാഷ് ടോമി ചരിത്രം കുറിച്ചു. 2022 സെപ്റ്റംബർ നാലിന് ഫ്രാൻസിലെ ലെ സാബ്ലെ ദൊലാനിൽ നിന്ന് 'ബയാനത്ത്' എന്ന പായ് വഞ്ചിയിൽ യാത്ര തിരിച്ച അഭിലാഷ് രണ്ടാമനായി തീരം തൊട്ടു. ഗോൾഡൻ ഗ്ലോബ് റേസില്‍ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഏഷ്യക്കാരനും ആദ്യ ഇന്ത്യക്കാരനും എന്ന പുതുചരിത്രമാണ് കോട്ടയം ചങ്ങനാശേരി ചെത്തിപ്പുഴ സ്വദേശിയായ അഭിലാഷ് ടോമി കുറിച്ചത്.

Tags:    
News Summary - NAVIKA SAGAR PARIKRAMA II: Two Indian Navy Women Officers to embark on sailing expedition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.