ശ്രീനഗർ: മാവോവാദി വേട്ടക്കിെട പിടിയിലായെന്ന് സംശയിക്കുന്ന സി.ആർ.പി.എഫ് ജവാൻ രാകേശ്വർ സിങ് മൻഹാസിന്‍റെ അഞ്ചു വയസ്സുകാരി മകൾ ശ്രഗ്വിക്ക് ദിവസങ്ങളായി കണ്ണീർ വറ്റിയിട്ടില്ല. ഏറെ സ്നേഹിക്കുന്ന വത്സലനായ പിതാവ് ആരുടെ പിടിയിലാണെന്ന് അറിയില്ലെങ്കിലും വീട്ടുകാർ പറഞ്ഞുകേട്ടതനുസരിച്ച് അവൾക്ക് ഒറ്റ ആവശ്യമേയുള്ളൂ- നക്സൽ മാമാ, എന്‍റെ പിതാവിനെ മോചിപ്പിക്കണേ'.
സി.ആർ.പി.എഫ് കോബ്ര കമാൻഡോ ആയ മൻഹാസടങ്ങിയ സംഘത്തിലെ നിരവധി പേർ ജീവൻ ബലി നൽകിയപ്പോൾ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇതുവരെയും ഒരു വിവരവും ലഭിക്കാതായതോടെയാണ് സംഘട്ടനത്തിനിടെ തട്ടിക്കൊണ്ടുപോയെന്ന സംശയം ബലപ്പെട്ടത്. മാവോവാദികൾ ഇത് സ്ഥിരീകരിക്കുകയോ മോചന ദ്രവ്യം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല.
ശനിയാഴ്ചയാണ് 1,000 ലേറെ വരുന്ന വൻസൈനിക വിഭാഗം മാവോവാദി വേട്ടക്കായി സുക്മ- ബിജാപൂർ അതിർത്തിയിലെ വന മേഖലയിൽ എത്തിയത്. രഹസ്യ വിവരമനുസരിച്ചാണ് എത്തിയതെങ്കിലും ആരെയും കാണാതെ മടങ്ങുന്നതിനിടെ മാവോവാദികൾ ഒളിയാക്രമണം നടത്തുകയായിരുന്നു. ചിതറിപ്പോയ സേനയിൽ പലരും പല ഭാഗത്തായതിനാൽ വിവരങ്ങൾ പങ്കുവെക്കാൻ പോലും കഴിഞ്ഞില്ല. ഇതിനിടയിലാണ് നിരവധി പേർക്ക് ജീവൻ നഷ്ടമായതും അതിലേറെ പേർക്ക് പരിക്കേൽക്കുന്നതും.
ആക്രമണം നടന്ന വിവരം പോലും ടെലിവിഷനിലാണ് അറിഞ്ഞതെന്നും മൻഹാസിന്‍റെ വിവരങ്ങൾ സി.ആർ.പി.എഫ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ജമ്മു- അഖ്നൂർ റോഡിലെ ബർനയിലുള്ള കുടുംബം പറയുന്നു. മൻഹാസിനെ കുറിച്ച് ഭാര്യ മീനുവിനും മകൾ ശ്രഗ്വിക്കും മാത്രമല്ല, ആധി. സഹോദര പുത്രൻ ആകാശും പിന്നെ എണ്ണമറ്റ ബന്ധുക്കളും കണ്ണീരണിഞ്ഞ് കാത്തിരിപ്പിലാണ്.
കാണാതായ വാർത്ത അറിഞ്ഞതുമുതൽ നാട്ടുകാരും ബന്ധുക്കളും മൻഹാസിന്‍റെ വീട്ടിലേക്ക് ഒഴുകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.