എൻ.സി.ഇ.ആർ.ടി ഡയറക്ടർ ദിനേശ് പ്രസാദ് സക്ലാനി (PTI Photo), ബാബരി മസ്ജിദ് (ഫയൽ)

‘കുട്ടികളെ കലാപത്തെ കുറിച്ച് എന്തിന് പഠിപ്പിക്കണം?’; ‘ബാബരി’ മാറ്റിയതിൽ പ്രതികരിച്ച് എൻ.സി.ഇ.ആർ.ടി

ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകത്തില്‍നിന്ന് ബാബരി മസ്ജിദെന്ന പേര് ഒഴിവാക്കുകയും രാമജന്മഭൂമി പ്രക്ഷോഭത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്ത നടപടി വിവാദമായതോടെ വിശദീകരണവുമായി എൻ.സി.ഇ.ആർ.ടി ഡയറക്ടർ ദിനേശ് പ്രസാദ് സക്ലാനി രം​ഗത്ത്. പാഠ്യപദ്ധതിയെ കാവി വൽക്കരിക്കാനുള്ള ഒരു നീക്കവും ഇല്ലെന്നും, മാറ്റം തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലുള്ളതാണെന്നും സക്ലാനി പറഞ്ഞു. എന്തിനാണ് കുട്ടികളെ കലാപത്തെക്കുറിച്ച് പഠിപ്പിക്കുന്നതെന്നും എൻ.സി.ഇ.ആർ.ടി ഡയറക്ടർ ചോദിച്ചു.

“എന്തിനാണ് കുട്ടികളെ കലാപത്തെ കുറിച്ച് പഠിപ്പിക്കുന്നത്‍? അക്രമകാരികളോ അടിച്ചമർത്തപ്പെട്ടവരോ ആയ പൗരന്മാരെ സൃഷ്ടിക്കലല്ല പാഠപുസ്തകത്തിന്‍റെ ഉദ്ദേശ്യം. വസ്തുതകളാണ് ചരിത്രത്തിൽ പഠിപ്പിക്കേണ്ടത്. വിദ്വേഷവും ഹിംസയും സ്കൂളിൽ പഠിപ്പിക്കേണ്ട വിഷയങ്ങളല്ല. പാഠപുസ്തകങ്ങൾ പരിഷ്കരിക്കുകയെന്നത് ലോകത്ത് എല്ലായിടത്തും നടക്കുന്ന കാര്യമാണ്. അപ്രധാനമായത് എന്തെങ്കിലും ഉണ്ടെങ്കിൽ അത് മാറ്റേണ്ടിവരും. ഓരോ വിഷയത്തിലും വൈദഗ്ധ്യവും പരിചയസമ്പത്തും ഉള്ളവരാണ് മാറ്റം വരുത്തുന്നത്. പാഠ്യപദ്ധതിയെ കാവി വൽക്കരിക്കാനുള്ള ഒരു നീക്കവുമില്ല” -വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ സക്ലാനി വ്യക്തമാക്കി.

പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലാണ് മാറ്റം വരുത്തിയത്. ബാബറി മസ്ജിദ് എന്നതിന് പകരം മൂന്ന് മിനാരങ്ങളോട് കൂടിയ നിർമിതി എന്നാണ് പ്രയോഗിച്ചത്. ബാബറി മസ്ജിദ് തകർത്ത സംഭവം പരാമർശിക്കുന്ന ഭാഗങ്ങൾ പുസ്തകത്തിൽ കുറച്ചിട്ടുണ്ട്. പകരം രാമ ജന്മഭൂമി പ്രക്ഷോഭത്തിന് കൂടുതൽ പ്രാധാന്യം നൽകി. ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോധ്യയിലേക്ക് ബി.ജെ.പി നടത്തിയ രഥയാത്ര, കർസേവകരുടെ പങ്ക്, ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർത്തതിന് പിന്നാലെയുണ്ടായ വർഗീയ കലാപം, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്, അയോധ്യയിലെ സംഭവങ്ങളിൽ ബി.ജെ.പി നടത്തിയ ഖേദ പ്രകടനം എന്നിവ വെട്ടിമാറ്റിയവയിൽ ഉൾപ്പെടുന്നു.

16-ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ബാബറിന്‍റെ ജനറൽ മിർ ബാഖി പണികഴിപ്പിച്ച മസ്ജിദ് എന്നാണ് പഴയ പാഠപുസ്തകം ബാബറി മസ്ജിദിനെ പരിചയപ്പെടുത്തിയിരുന്നത്. ഇപ്പോൾ, ‘ശ്രീരാമന്‍റെ ജന്മസ്ഥലത്ത് 1528-ൽ നിർമ്മിച്ച മൂന്ന് താഴികക്കുട നിർമ്മിതി. ഘടനയിൽ ഹിന്ദു ചിഹ്നങ്ങളുടെയും അവശിഷ്ടങ്ങളുടെയും ദൃശ്യമായ പ്രദർശനങ്ങൾ അതിന്‍റെ അകത്തളങ്ങളിലും ബാഹ്യ ഭാഗങ്ങളിലും ഉണ്ടായിരുന്നു’ -എന്നാക്കി മാറ്റിയിരിക്കുന്നു

Tags:    
News Summary - ‘Why should we teach about riots’: NCERT director on rewrite of Ayodhya dispute in textbook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.