ബാബരി മസ്ജിദിന്‍റെ പേര് പറയാതെ എൻ.സി.ഇ.ആർ.ടി പാഠപുസത്കം; ‘മൂന്ന് താഴികക്കുടങ്ങളുള്ള കെട്ടിടം’ എന്ന്

ന്യൂഡൽഹി: ബാബരി മസ്ജിദിന്‍റെ പേര് പറയാതെ കഴിഞ്ഞയാഴ്ച വിപണിയിലെത്തിയ എൻ.സി.ഇ.ആർ.ടി പാഠപുസത്കം. ‘മൂന്ന് താഴികക്കുടങ്ങളുള്ള കെട്ടിടം’ എന്നാണ് തകർത്ത മസ്ജിദിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 12-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലാണ് വെട്ടിത്തിരുത്തലുകൾ.

ബാബരിയെക്കുറിച്ച് പറയുന്ന ഭാഗങ്ങൾ വെട്ടി നാലു പേജിൽനിന്ന് രണ്ട് പേജാക്കിയാണ് കുറച്ചത്. ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോധ്യയിലേക്ക് ബി.ജെ.പി നടത്തിയ രഥയാത്ര, കർസേവകരുടെ പങ്ക്, ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർത്തതിന് പിന്നാലെയുണ്ടായ വർഗീയ കലാപം, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്, അയോധ്യയിലെ സംഭവങ്ങളിൽ ബി.ജെ.പി നടത്തിയ ഖേദ പ്രകടനം എന്നിവ വെട്ടിമാറ്റിയവയിൽ ഉൾപ്പെടുന്നു.

ബാബരി മസ്ജിദ് തകർത്തും രാമജന്മഭൂമി ആവശ്യവും അടങ്ങിയ പാഠഭാഗങ്ങളിൽ മാറ്റമുണ്ടാകുമെന്ന് നേരത്തെ എൻ.സി.ഇ.ആർ.ടി വ്യക്തമാക്കിയിരുന്നെങ്കിലും എത്രത്തോളം വെട്ടിമാറ്റിയെന്ന് ഇപ്പോഴാണ് പുറത്തുവന്നത്.

16-ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ബാബറിന്‍റെ ജനറൽ മിർ ബാഖി പണികഴിപ്പിച്ച മസ്ജിദ് എന്നാണ് പഴയ പാഠപുസ്തകം ബാബറി മസ്ജിദിനെ പരിചയപ്പെടുത്തിയിരുന്നത്. ഇപ്പോൾ, ‘ശ്രീരാമന്‍റെ ജന്മസ്ഥലത്ത് 1528-ൽ നിർമ്മിച്ച മൂന്ന് താഴികക്കുട നിർമ്മിതി. ഘടനയിൽ ഹിന്ദു ചിഹ്നങ്ങളുടെയും അവശിഷ്ടങ്ങളുടെയും ദൃശ്യമായ പ്രദർശനങ്ങൾ അതിന്‍റെ അകത്തളങ്ങളിലും ബാഹ്യ ഭാഗങ്ങളിലും ഉണ്ടായിരുന്നു’ -എന്നാക്കി മാറ്റിയിരിക്കുന്നു. 

Tags:    
News Summary - NCERT text book without naming Babri Masjid says three-domed structure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.