മുംബൈ: നരേന്ദ്ര മോദി പ്രചാരണത്തിനെത്തിയ മഹാരാഷ്ട്രയിലെ ഭൂരിപക്ഷം സീറ്റിലും ബി.ജെ.പി തോറ്റു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒമ്പത് സീറ്റിൽ വിജയിക്കാൻ മാത്രമാണ് മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് സാധിച്ചത്. 2019ലെ തെരഞ്ഞെടുപ്പിൽ 23 സീറ്റുകളിൽ ബി.ജെ.പി വിജയിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കമീഷന്റെ കണക്ക്പ്രകാരം നരേന്ദ്ര മോദി പ്രചാരണത്തിനെത്തിയ ഭൂരിപക്ഷം സീറ്റിലും ബി.ജെ.പിക്ക് വിജയിക്കാൻ സാധിച്ചിട്ടില്ല. 18ഓളം ലോക്സഭ മണ്ഡലങ്ങളിൽ മോദി റാലികളും മറ്റ് പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഇതിൽ മൂന്നെണ്ണത്തിൽ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാൻ സാധിച്ചത്. ബാക്കിയുള്ള 15 മണ്ഡലങ്ങളിലും പാർട്ടി തോറ്റു.
മുംബൈയിൽ മാത്രം ആറ് ലോക്സഭ മണ്ഡലങ്ങളിൽ മോദി പ്രചാരണത്തിനെത്തി. എന്നാൽ, രണ്ട് സീറ്റിൽ മാത്രമാണ് ജയിക്കാനായത്. മുംബൈ നോർത്തിൽ നിന്നും പിയൂഷ് ഗോയലും നോർത്ത്-വെസ്റ്റ് സീറ്റിൽ നിന്നും രവീന്ദ്ര വെയ്ക്കറും വിജയിച്ചു.
മുംബൈ നോർത്ത്-ഈസ്റ്റ് മണ്ഡലത്തിൽ മോദി പ്രചാരണത്തിനെത്തിയെങ്കിലും സ്ഥാനാർഥി 29,000 വോട്ടുകൾക്ക് തോറ്റു. പൂണെയിൽ ബി.ജെ.പി സ്ഥാനാർഥിക്കായി മോദി എത്തിയെങ്കിലും ജനം വിജയിപ്പിച്ചത് കോൺഗ്രസിന്റെ രവീന്ദ്ര ധാൻഗറിനെയായിരുന്നു. നാസിക്കിൽ ഷിൻഡെ വിഭാഗത്തിനായി മോദി വന്നു. ഇവിടെയും ഒരു ലക്ഷത്തിലേലെ വോട്ടുകൾക്ക് ശിവസേന സ്ഥാനാർഥി തോറ്റു.
ഇതിന് പുറമേ നന്ദേഡ്, ചന്ദ്രപൂർ, റാംടെക്, വാർധ്ര, പർബാനി, കോലാപ്പൂർ, സോളാപ്പൂർ, സത്താര, മാധ, ധാരാശിവ്, ലത്തൂർ, അഹമദ്നഗർ, ബീഡ്, നാന്ദുർബാർ, കല്യാൺ, ദിന്ദോരി തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം മോദി പ്രചാരണത്തിനെത്തിയെങ്കിലും എൻ.ഡി.എ സ്ഥാനാർഥികൾ പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.