ന്യൂഡൽഹി: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്-യു.ജി) ചോദ്യക്കടലാസ് ബിഹാറിൽ ചോർന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ബിഹാർ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേന്ദ്ര സർക്കാറിന് സമർപ്പിച്ചു. പിന്നാലെ, ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരാതിയിൽ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണവും തുടങ്ങി. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഗുജറാത്തിലെ ചോദ്യക്കടലാസ് ചോർച്ചയിലെ അന്വേഷണം സംസ്ഥാന സർക്കാർ സി.ബി.ഐക്ക് കൈമാറി.
അതിനിടെ, ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ ബിഹാറിലെ കേന്ദ്രങ്ങളിൽ മെയ് അഞ്ചിന് പരീക്ഷയെഴുതിയ 17 ഉദ്യോഗാർഥികളെകൂടി ഞായറാഴ്ച എൻ.ടി.എ ഡീബാർ ചെയ്തു. 63 പേരെ ഏജൻസി നേരത്തെ ഡീബാർ ചെയ്തിരുന്നു. ശനിയാഴ്ച, ഗുജറാത്തിലെ ഗോധ്രയിൽ നിന്നുള്ള 30 പേരെയും ഡീബാർ ചെയ്തിരുന്നു.
ബിഹാർ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേന്ദ്ര സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ, ഇതുവരെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ചോർച്ച വ്യക്തമായെന്നും അന്തർ സംസ്ഥാന സംഘത്തിന്റെ പങ്കാളിത്തം ഇതിന് പിന്നിലുണ്ടെന്നും പറയുന്നു. ബിഹാറിലെ കുപ്രസിദ്ധമായ ‘സോൾവർ ഗ്യാങ്ങിന്’ പങ്കുണ്ടെന്ന് സംശയിക്കുന്നതായും കേന്ദ്രത്തിന് നൽകിയ ആറുപേജുള്ള റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് ശനിയാഴ്ച രാത്രി അന്വേഷണം സി.ബി.ഐക്ക് വിടാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്. ഗുജറാത്ത്, ബിഹാർ, ഹരിയാന സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് സി.ബി.ഐ അന്വേഷണം. ചോദ്യക്കടലാസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഗുജറാത്തിലും ബിഹാറിലും അറസ്റ്റിലായവരെ സി.ബി.ഐ ഉടൻ ചോദ്യം ചെയ്യും. കോച്ചിങ് സെന്റര്‍ ജീവനക്കാരും പരീക്ഷാ കേന്ദ്രത്തിലെ ജീവനക്കാരും ഇതിലുൾപ്പെടും. കോളജ് അധ്യാപക യോഗ്യതയായ യു.ജി.സി നെറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐ അന്വേഷണം നടത്തുന്നതിനിടെയാണ് നീറ്റ് യു.ജി കേസും ഏറ്റെടുക്കുന്നത്.
ചോദ്യക്കടലാസ് ചില പരീക്ഷാ കേന്ദ്രത്തിലേക്ക് കൊറിയര്‍ സര്‍വിസ് വഴിയാണ് അയച്ചതെന്നും ആരോപണമുണ്ട്. ചോർച്ച കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചതായും അന്വേഷണ സംഘം സൂചന നൽകുന്നു. മഹാരാഷ്ട്രയിൽ രണ്ട് അധ്യാപകരെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് ഞായറാഴ്ച ചോദ്യം ചെയ്തു. ബിഹാറിൽ അറസ്റ്റിലായ നാല് വിദ്യാർഥികൾ രാജ്ബൻഷി നഗറിൽ ഒരുമിച്ചുകൂടി ചോദ്യപേപ്പറിൽ നിന്നുള്ള ഉത്തരങ്ങൾ മനഃപാഠമാക്കിയെന്ന് മൊഴി നൽകിയിട്ടുണ്ട്.
720ൽ 581, 483, 300, 185 എന്നിങ്ങനെയാണ് നാലുപേർക്ക് മാർക്ക് ലഭിച്ചത്. ബിഹാറിലെ ‘സോൾവർ ഗ്യാങ്ങി’ നൊപ്പം പ്രവർത്തിക്കുന്ന ഝാർഖണ്ഡിൽ വേരുകളുള്ള അന്തർ സംസ്ഥാന സംഘത്തിന്റെ ഇടപെടലുകൾ നടന്നതിന്റെ തെളിവുകൾ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ പുരോഗതി അറിയിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് റിപ്പോർട്ട് നൽകിയത്.
മേയ് അഞ്ചിന് നടന്ന നീറ്റ് യു.ജി പരീക്ഷ 24 ലക്ഷം വിദ്യാർഥികളാണ് എഴുതിയത്. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് 30ലധികം പൊതുതാൽപര്യ ഹരജികൾ സുപ്രീംകോടതി പരിഗണനയിലുണ്ട്..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.