ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിൽ ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ചിന് മുന്നിലാണ് ഹരജികളെത്തുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച, പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം, നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ) പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയ വിഷയങ്ങൾ സുപ്രീംകോടതിക്ക് മുന്നിലുണ്ട്. എൻ.ടി.എ ശനിയാഴ്ച തുടങ്ങാനിരുന്ന നീറ്റ്-യു.ജി കൗണ്‍സലിങ് മാറ്റിയിരുന്നു. കോടതി നിർദേശമനുസരിച്ചായിരിക്കും പുതിയ തീയതി തീരുമാനിക്കുകയെന്നാണ് സൂചന.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ബിഹാര്‍, ഉത്തര്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലായി ഇതിനകം നിരവധി പേര് അറസ്റ്റിലായിട്ടുണ്ട്. 1500 വിദ്യാർഥികള്‍ക്ക് നല്കിയ ഗ്രേസ് മാര്‍ക്ക് റദ്ദാക്കി പുനഃപരീക്ഷ നടത്തുകയും ചെയ്തിരുന്നു. നീറ്റ് -യു.ജി റദ്ദാക്കണമെന്നും വീണ്ടും നടത്തണമെന്നുമുള്ള ആവശ്യവുമായി നിരവധി പേരാണ് കോടതിയെ സമീപിച്ചത്.
എന്നാൽ കൗൺസലിങ് നടക്കട്ടെയെന്നായിരുന്നു സർക്കാറിന്റെയും എൻ.ടി.എയുടെയും നിലപാട്. തുടർന്ന് വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്ത് കൗൺസലിങ് മാറ്റാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. വ്യാപക ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തത് ചൂണ്ടിക്കാണിച്ച് സമർപ്പിച്ച ഹരജിയിൽ എൻ.ടി.എക്കും കേന്ദ്രത്തിനും സുപ്രീംകോടതി നോട്ടീസ് അയക്കുകയും ചെയ്തു.
രാജ്യത്തുടനീളമുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുഷ്, മറ്റ് അനുബന്ധ കോഴ്സുകൾ എന്നിവയിലേക്കുള്ള പ്രവേശന പരീക്ഷയാണ് നാഷനൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാജ്വേറ്റ് (നീറ്റ്-യു.ജി). 24 ലക്ഷത്തോളം പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. 67 പേര് ഒന്നാം സ്ഥാനത്തിന് അര്‍ഹരായതോടെയാണ് പരീക്ഷ സംശയനിഴലിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.