നെറ്റ് പേപ്പർ ചോർന്നത് പരീക്ഷക്ക് രണ്ട് ദിവസം മുമ്പ്; ഡാർക് വെബിലൂടെ 6 ലക്ഷം രൂപക്ക് വിറ്റു

ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ) ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ യു.ജി.സി-നെറ്റ് (നാഷനൽ എലിജിബിലിറ്റി ടെസ്റ്റ്) ചോദ്യപ്പേപ്പർ പരീക്ഷയുടെ രണ്ട് ദിവസം മുമ്പാണ് ചോർന്നതെന്ന് സി.ബി.ഐ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. 6 ലക്ഷം രൂപക്ക് ഡാർക് വെബിലും എൻക്രിപ്റ്റ് ചെയ്ത സമൂഹമാധ്യമ പ്ലാറ്റ്ഫോമിലും ചോദ്യപ്പേപ്പർ വിൽപ്പനക്ക് വച്ചതായി സി.ബി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡാർക് നെറ്റിൽ വിൽപ്പനക്ക് വച്ച ചോദ്യപ്പേപ്പർ, ഒറിജിനലുമായി പൊരുത്തപ്പെടുന്നുണ്ട്.

അതേസമയം പേപ്പർ ചോർച്ച‍യുടെ ഉറവിടം എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങൾ ഉൾപ്പെടുത്തിയാണ് നെറ്റ് പേപ്പർ ചോർന്ന സംഭവത്തിൽ സി.ബി.ഐ എഫ്.ഐ.ആർ ഫയൽ ചെയ്തിരിക്കുന്നത്. ചോദ്യപ്പേപ്പർ തയാറാക്കിയ വിദഗ്ധർ, ഉദ്യോഗസ്ഥർ എന്നിവരെയെല്ലാം ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കും. പ്രിന്റിങ് പ്രസ്സുകളിലെ ജീവനക്കാർ, പ്രസ്സുകളിൽനിന്ന് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പേപ്പർ എത്തിച്ചവർ എന്നിവരെയും ചോദ്യം ചെയ്യും. വിവിധ സംസ്ഥാനങ്ങളിലെ പരിശീലന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ഒമ്പത് ലക്ഷത്തിലേറെ ഉദ്യോഗാർഥികളാണ് 18ന് നടന്ന നെറ്റ് പരീക്ഷക്ക് ഹാജരായത്. ക്രമക്കേട് നടന്നെന്ന് ഉറപ്പായതോടെ 19ന് രാത്രി പരീക്ഷ റദ്ദാക്കിയതായി പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രാലയം, പുനഃപരീക്ഷ പിന്നീട് നടത്തുമെന്നും വ്യക്തമാക്കി. നീറ്റിലെ ക്രമക്കേടിൽ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് നെറ്റ് പേപ്പറും ചോർന്നത്. ടെലഗ്രാം ഗ്രൂപ്പുകളിൽ അടക്കം പേപ്പർ വിൽപ്പനക്ക് വെച്ചിരുന്നെന്നും, അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും വിദ്യാർഥികൾ ആരോപിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സ്ക്രീൻ ഷോട്ടുകൾ ഉൾപ്പെടെ പ്രചരിച്ചിരുന്നു.

Tags:    
News Summary - NET Paper Leaked Sunday, Sold On Encrypted Social Media Platform

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.