അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത് രാമക്ഷേത്രം നിർമിക്കുന്നതിന് പകരം കോടതി വിധി പ്രകാരം അഞ്ച് ഏക്കർ സ്ഥലത്ത് നിർമിക്കുന്ന പള്ളി ബാബരി മസ്ജിദിനേക്കാൾ വലുതായിരിക്കുമെന്ന് ഇന്തോ ഇസ്‍ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ. ബാബരി മസ്ജിദ്-രാമജന്മഭൂമി വിധിയിൽ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി മസ്ജിദ് നിർമ്മിക്കുന്നതിനുള്ള അന്തിമ അനുമതി നൽകിയിരുന്നു.
ഉത്തർപ്രദേശ് സർക്കാർ നൽകിയ അഞ്ച് ഏക്കർ സ്ഥലത്ത് ഇന്തോ ഇസ്‍ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ട്രസ്റ്റ് (ഐ.ഐ.സി.എഫ്) ഒരു പള്ളി, ആശുപത്രി, ഗവേഷണ കേന്ദ്രം, കമ്മ്യൂണിറ്റി കിച്ചൺ, ലൈബ്രറി എന്നിവ നിർമ്മിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (എ.ഡി.എ) അനുമതിയും ഭൂവിനിയോഗം ബന്ധിച്ചും തീർപ്പുകൽപ്പിക്കാത്തതിനാൽ രണ്ട് വർഷത്തിലേറെയായി നിർമ്മാണം നീണ്ടുപോയിരിക്കുകയായിരുന്നു.
‘‘വെള്ളിയാഴ്ച ചേർന്ന ബോർഡ് യോഗത്തിൽ അയോധ്യയിലെ മസ്ജിദിന്റെ പദ്ധതിക്ക് ഞങ്ങൾ അംഗീകാരം നൽകിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കേണ്ട വകുപ്പുതല നടപടിക്രമങ്ങൾക്ക് ശേഷം, മാർഗരേഖ ഇന്തോ-ഇസ്‍ലാമിക് കൾച്ചറൽ ഫൗണ്ടേഷന് കൈമാറും’’ -അയോധ്യ ഡിവിഷനൽ കമ്മീഷണർ ഗൗരവ് ദയാൽ പി.ടി.ഐയോട് പറഞ്ഞു.
എല്ലാ അനുമതികളും ലഭിച്ചതിന് ശേഷം ട്രസ്റ്റ് ഉടൻ യോഗം ചേരുമെന്നും മസ്ജിദ് നിർമാണത്തിനുള്ള പദ്ധതിക്ക് അന്തിമരൂപം നൽകുമെന്നും ഐ.ഐ.സി.എഫ് സെക്രട്ടറി അതാർ ഹുസൈൻ പറഞ്ഞു. ‘‘ഞങ്ങൾ 2021 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന നിലവിൽവന്ന ദിവസം പള്ളിയുടെ അടിത്തറ പാകി. ധന്നിപ്പൂരിൽ പണിയുന്ന പള്ളി ബാബാരി മസ്ജിദിനേക്കാൾ വലുതായിരിക്കും. അയോധ്യയിൽ ഉണ്ടായിരുന്ന പള്ളിയുടെ രൂപസാദൃശ്യമായിരിക്കില്ല പുതിയ പള്ളിക്ക്’’ -അതാർ ഹുസൈൻ പറഞ്ഞു.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ അന്തിമാനുമതി ലഭിച്ചെങ്കിലും അയോധ്യയിൽ പുതിയ മസ്ജിദ് നിർമാണത്തിനുള്ള നടപടിക്രമങ്ങൾ വൈകാനിടയാക്കിയത് സർക്കാർ വകുപ്പുകളിലെ കാലതാമസമാണ്. ജാമിഅ മില്ലിയ ഇസ്ലാമിയ യൂനിവേഴ്സിറ്റി ആർകിടെക്ചർ വിഭാഗം ഡീൻ ആയ പ്രഫ. എസ്.എം അഖ്തർ തയാറാക്കിയ മസ്ജിദ് ഉൾപ്പെടുന്ന സമുച്ചയത്തിന്‍റെ പ്ലാൻ ഓൺലൈൻ വഴി അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റിക്ക് ഒരു വർഷം മുമ്പ് സമർപ്പിച്ചതാണ്.
പ്ലാനിന് വിവിധ വകുപ്പുകളിൽ നിന്നുള്ള നിരാക്ഷേപ പത്രം ലഭിക്കാൻ വൈകിയതാണ്. ഇതിൽ പ്രധാന തടസമായി നിന്നത് അഗ്നിശമന വിഭാഗത്തിന്‍റെ അനുമതിയാണ്. റോഡിന്‍റെ പുറംഭാഗത്തിന് കുറഞ്ഞത് 12 മീറ്റർ വീതി ഉണ്ടായിരിക്കണമെന്ന കാരണമാണ് അവർ ചൂണ്ടിക്കാട്ടിയത്. തുടർന്ന് ഇന്തോ ഇസ്‍ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ട്രസ്റ്റി അർഷദ് അഫ്സൽ ഖാൻ റോഡ് വീതി കൂട്ടണമെന്ന ആവശ്യവുമായി അതോറിറ്റിയെ സമീപിക്കുകയായിരുന്നു.
ഇതിന് പിന്നാലെ അഞ്ച് മാസം മുമ്പ് കൃഷി ഭൂമിയിൽ നിർമാണം പാടില്ലെന്ന പുതിയ തടസം തലപ്പൊക്കി. തുടർന്ന് കൃഷി ഭൂമി കെട്ടിട നിർമാണത്തിന് ഉപയോഗിക്കാവുന്ന രീതിയിൽ തരംമാറ്റി നൽകണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാറിനെയും അതോറിറ്റിയെയും സമീപിച്ചെങ്കിലും നടപടികൾ നീണ്ടുപോയതാണ് തിരിച്ചടിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.