ന്യൂഡൽഹി: പുതിയ പാർലമെൻറ് മന്ദിരം പണിയാനുള്ള കരാർ ടാറ്റക്ക്. നിർമാണ ചെലവ് 861.90 കോടി രൂപ. മന്ദിരത്തിന് ത്രികോണാകൃതി. 21 മാസം കൊണ്ട് പണി പൂർത്തിയാക്കും. മൂന്നു കോടിയോളം രൂപയുടെ മാത്രം വ്യത്യാസത്തിൽ ലാർസൻ ആൻഡ് ടൂബ്രോയെ (എൽ. ആൻഡ്. ടി) പിന്തള്ളിയാണ് ടാറ്റ പ്രോജക്ട്സ് നിർമാണ കരാർ നേടിയത്. എൽ ആൻഡ് ടി ആവശ്യപ്പെട്ടത് 865 കോടിയാണ്. സർക്കാർ കണക്കാക്കിയ ചെലവാകട്ടെ, 940 കോടി.
രാഷ്ട്രപതി ഭവനിൽനിന്ന് ഇന്ത്യാ ഗേറ്റ് വരെയുള്ള രാജ്പഥ് വിപുലപ്പെടുത്തി നവീകരിക്കുന്ന 'സെൻട്രൽ വിസ്ത' സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമാണ് പുതിയ പാർലെമൻറ് മന്ദിരം. കോവിഡ്വ്യാപനം അടക്കമുള്ള സാഹചര്യങ്ങളിൽ കടുത്ത ധനപ്രതിസന്ധി നേരിടുേമ്പാൾ ശതകോടികൾ ചെലവിട്ട് ആഡംബര നിർമാണം നടത്തുന്നതിനെ പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയുമുണ്ടായി.
ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച വൃത്താകൃതിയിലുള്ള ഇപ്പോഴത്തെ പാർലമെൻറ് മന്ദിരം കാലപ്പഴക്കത്തിൽ ജീർണിച്ചുവെന്നും ഭാവി ആവശ്യങ്ങൾക്ക് ഉതകില്ലെന്നുമാണ് സർക്കാർ വാദം. അതിർത്തി പുനർനിർണയം നടത്തി ഭാവിയിൽ ലോക്സഭയിൽ കൂടുതൽ അംഗങ്ങളെ ഉൾക്കൊള്ളിക്കേണ്ടി വന്നാൽ ഒരാളെ പോലും കൂടുതലായി ഇരുത്താൻ സ്ഥലമുണ്ടാകില്ലെന്ന് സർക്കാർ വിശദീകരിച്ചിരുന്നു.
കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് പുതിയ പാർലമെൻറ് മന്ദിര നിർമാണത്തിന് താൽപര്യപത്രം ക്ഷണിച്ചത്. അതുപ്രകാരമുള്ള അപേക്ഷകൾ ബുധനാഴ്ച തുറന്നപ്പോഴാണ് ടാറ്റക്ക് നറുക്ക് വീണത്. ഇപ്പോഴത്തെ പാർലമെൻറ് മന്ദിരം പുതുക്കി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കും. നിർമാണത്തിനുപുറമെ അഞ്ചു വർഷത്തെ പരിപാലന ചുമതലയും ടാറ്റക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.