ന്യൂഡൽഹി: സംഘടന െതരഞ്ഞെടുപ്പിലൂടെ കോൺഗ്രസിന് പുതിയ അധ്യക്ഷനുണ്ടാകുമെന്ന് പ്രവർത്തക സമിതി െഎകകണ്ഠ്യേന പ്രഖ്യാപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് അധ്യക്ഷനെ കണ്ടെത്തുന്നത്. 1997ലാണ് കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്. ചേരിതിരിഞ്ഞുള്ള രൂക്ഷമായ വാഗ്വാദത്തിനൊടുവിലാണ് ജൂൺ മാസത്തോടെ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ തീരുമാനമായത്.
നേരേത്ത നേതൃത്വത്തിന് കത്തെഴുതി വിവാദം സൃഷ്ടിച്ച ഗുലാം നബി ആസാദ്, ആനന്ദ് ശർമ, മുകുൾ വാസ്നിക് എന്നിവരാണ് ഉടൻ സംഘടന തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടത്. മുൻ കേന്ദ്ര മന്ത്രി പി. ചിദംബരവും ഇവരോടൊപ്പം ചേർന്നു. എന്നാൽ, സോണിയ ഗാന്ധിക്കൊപ്പം നിൽക്കുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, എ.കെ. ആൻറണി, ഉമ്മൻ ചാണ്ടി, കേരളത്തിെൻറ ചുമതലയുള്ള താരീഖ് അൻവർ എന്നിവർ ഇൗ ആവശ്യത്തെ എതിർത്തു.
അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞേ സംഘടനാ തെരെഞ്ഞടുപ്പ് നടത്താവൂ എന്ന് അവർ വാദിച്ചു. കോൺഗ്രസ് അധ്യക്ഷനെയാണോ പ്രവർത്തക സമിതി അംഗങ്ങളെയാണോ ആദ്യം തെരഞ്ഞെടുക്കേണ്ടത് എന്നതിനെ ചൊല്ലിയും തർക്കമുണ്ടായി. ഇൗ വിഷയം പാർട്ടി ഭരണഘടന നോക്കി തീർപ്പാക്കുമെന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പിന്നീട് വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസ് പ്രസിഡൻറിനെയും പ്രവർത്തക സമിതിയെയും തെരഞ്ഞെടുക്കുന്നതിനുള്ള സമയക്രമം ഇടക്കാല പ്രസിഡൻറായ േസാണിയ ഗാന്ധി പ്രഖ്യാപിക്കുമെന്ന് അറിയിച്ചതോടെ എല്ലാവരും ശാന്തരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.