ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ആദ്യ സമ്മേളനം അടുത്തയാഴ്ച നടക്കാനിരിക്കെ ജീവനക്കാർക്ക് പുതിയ യൂനിഫോം അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. ക്രീം നിറത്തിലുള്ള ഷർട്ട്, കാക്കി പാന്‍റ്സ്, ക്രീം ജാക്കറ്റ് എന്നിവയാണ് പുതിയ യൂനിഫോം. ഷർട്ടിൽ പിങ്ക് നിറത്തിലുള്ള താമര അടയാളവുമുണ്ടാകും. രാജ്യസഭ, ലോക്സഭ സ്റ്റാഫുകൾക്ക് ഒരേ യൂനിഫോമായിരിക്കും.
പാർലമെന്‍റിലെ 271 സ്റ്റാഫുകൾക്കും പുതിയ യൂനിഫോം നൽകിയിട്ടുണ്ട്. ജെൻഡർ ന്യൂട്രൽ യൂനിഫോമായിരിക്കുമെന്നാണ് വിവരം. പുതിയ യൂനിഫോമിൽ ഇരുസഭകളിലെയും മാർഷലുകൾക്കുള്ള മണിപ്പൂരി ശിരോവസ്ത്രവും ഉൾപ്പെടും. ടേബിൾ ഓഫിസ്, നോട്ടീസ് ഓഫിസ്, പാർലമെന്‍ററി റിപ്പോർട്ടിങ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ താമരയുടെ ചിഹ്നത്തോടുകൂടിയുള്ള ഷര്‍ട്ടായിരിക്കും ധരിക്കേണ്ടത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയാണ് പുതിയ യൂണിഫോം രൂപകല്പന ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.
പാർലമെന്‍റ് സുരക്ഷാ ചുമതലയുള്ള ഓഫിസർമാർ നിലവിലെ നീല സഫാരി സ്യൂട്ടിന് പകരം സൈനികരുടെ രീതിയിലുള്ള യൂനിഫോം ധരിക്കണം. സെപ്റ്റംബർ ആറിനകം എല്ലാ ജീവനക്കാരോടും പുതിയ യൂനിഫോം കൈപ്പറ്റാൻ നിർദേശം നൽകിയിരുന്നു.
സെപ്റ്റംബർ 19ന് പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ആദ്യ സമ്മേളനം നടക്കുമെന്നാണ് അനൗദ്യോഗിക വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.