വീട്ടിൽ പരിശോധനക്കെത്തിയ പൊലീസ് നവജാത ശിശുവിനെ ചവിട്ടിക്കൊന്നെന്ന്, മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

റാഞ്ചി: വീട്ടിൽ പരിശോധന നടത്താനെത്തിയ പൊലീസ് ഉറങ്ങിക്കിടക്കുകയായിരുന്ന നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ ചവിട്ടിക്കൊന്നുവെന്ന് ആരോപണം. ഝാർഖണ്ഡിലെ ഗിരിധിഹ് ജില്ലയിലാണ് സംഭവം. സംഭവത്തിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കൊസൊഗോണ്ടോദിഖി ഗ്രാമത്തിലാണ് സംഭവം നടന്നത്. കുഞ്ഞിന്റെ കേസിലെ പ്രതിയായ മുത്തച്ഛൻ ഭൂഷൺ പാണ്ഡെയെ തിരഞ്ഞാണ് പൊലീസ് വീട്ടിലെത്തിയത്. പൊലീസിനെ കണ്ടയുടൻ ഭൂഷൺ പാണ്ഡെയും കുടുംബാംഗങ്ങളും കുഞ്ഞിനെ തനിച്ചാക്കി വീട്ടിൽ നിന്ന് രക്ഷപ്പെട്ടു. കുഞ്ഞ് വീട്ടിനകത്തെ മുറിയിൽ ഉറങ്ങുകയായിരുന്നു.

പൊലീസുകാർ വീടിന്റെ മുക്കും മൂലയും തിരയുമ്പോൾ കുഞ്ഞ് വീട്ടിനകത്ത് ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നെന്ന് കുഞ്ഞിന്റെ അമ്മ നേഹ ദേവി പറഞ്ഞു. പരിശോധന കഴിഞ്ഞ് പൊലീസുകാർ തിരികെ പോയ ശേഷം ഇവർ വീട്ടിലെത്തിയപ്പോൾ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പൊലീസ് പരിശോധനക്കിടെ കുഞ്ഞിനെ ചവിട്ടിക്കൊന്നതാണെന്ന് കുഞ്ഞിന്റെ അമ്മയും കുടുംബാംഗങ്ങളും ആരോപിക്കുന്നു. വിഷയം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് സഞ്ജയ് റാണ പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Newborn Allegedly Trampled To Death By Cops In Jharkhand, Probe On

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.