ന്യൂഡൽഹി: ഇന്ത്യാവിരുദ്ധ പ്രചാരണത്തിന് ചൈനയുടെ ഫണ്ട് സ്വീകരിച്ചെന്ന് ആരോപിച്ച് അറസ്റ്റിലായ ഓൺലൈൻ മാധ്യമം ‘ന്യൂസ് ക്ലിക്കി’ന്‍റെ എഡിറ്റർ ഇൻ ചീഫ് പ്രബീർ പുരകായസ്ത, ഹ്യൂമൻ റിസോഴ്സസ് വിഭാഗം മാനേജർ അമിത് ചക്രവർത്തി എന്നിവരെ കസ്റ്റഡിയിൽവിട്ടു. ഏഴ് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഇന്ന് പുലർച്ചെയാണ് ഇരുവരെയും മജിസ്ട്രേറ്റിന്‍റെ വസതിയിൽ ഹാജരാക്കിയത്.
ഇന്നലെയാണ് ഇന്ത്യാവിരുദ്ധ പ്രചാരണത്തിന് ചൈനയുടെ ഫണ്ട് സ്വീകരിച്ചെന്ന് ആരോപിച്ച് ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ പ്രകാരം കേസെടുത്ത ഡൽഹി പൊലീസ് ഓൺലൈൻ മാധ്യമമായ ‘ന്യൂസ് ക്ലിക്’ ഓഫിസ് പൂട്ടി മുദ്രവെച്ചത്. എഡിറ്റർ ഇൻ ചീഫ് പ്രബീർ പുരകായസ്ത, ഹ്യൂമൻ റിസോഴ്സസ് വിഭാഗം മാനേജർ അമിത് ചക്രവർത്തി എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സ്ഥാപനവുമായി ബന്ധപ്പെട്ട 37 മുതിർന്ന മാധ്യമപ്രവർത്തകരുടെ വീടുകളിൽ അടക്കം 30 കേന്ദ്രങ്ങളിൽ മണിക്കൂറുകൾ നീണ്ട റെയ്ഡ് നടത്തിയതിനും ചോദ്യം ചെയ്യലിനും പിന്നാലെയാണ് നടപടി. ഇതിൽ ഒമ്പതു പേർ വനിതകളാണ്. മൊബൈൽ ഫോൺ, ലാപ്ടോപ്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. ഇവരിൽ പലരെയും കസ്റ്റഡിയിലെടുത്ത് സ്പെഷൽ സെൽ ആസ്ഥാനത്ത് എത്തിച്ചാണ് ചോദ്യം ചെയ്തത്.
പ്രബീർ പുരകായസ്ത, അമിത് ചക്രവർത്തി എന്നിവർക്കു പുറമെ സ്ഥാപനത്തിലെ മുതിർന്ന മാധ്യമപ്രവർത്തകരും രാഷ്ട്രീയ നിരീക്ഷകരുമായ ഭാഷ സിങ്, ഊർമിളേഷ്, സുഹൈൽ ഹാഷ്മി, സഞ്ജയ് രജൗര, ഗീത ഹരിഹരൻ, അനുരാധ രാമൻ, സത്യം തിവാരി, അദിതി നിഗം, സുമേധ പാൽ, സുബോധ് വർമ, വിഡിയോ ജേണലിസ്റ്റ് അഭിസർ ശർമ, ശാസ്ത്രകാര്യ ലേഖകൻ ഡി. രഘുനന്ദൻ തുടങ്ങിയവരുടെ വസതികളിലാണ് ചൊവ്വാഴ്ച പുലർച്ച ഡൽഹി പൊലീസ് സ്പെഷൽ ടീമിൽപെട്ടവർ കയറിച്ചെന്നത്.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുതിർന്ന മാധ്യമപ്രവർത്തകൻ പരഞ്ജോയ് ഗുഹ ഠാകുർത്ത എന്നിവരുടെ വസതികളിലും സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദിന്‍റെ മുംബൈയിലെ വസതിയിലും റെയ്ഡ് നടന്നു. എ.കെ.ജി ഭവനിലെ ജീവനക്കാരനായ ശ്രീനാരായണ, മകനും ന്യൂസ് ക്ലിക് പ്രവർത്തകനുമായ സുമിത് കുമാർ എന്നിവർ താമസിക്കുന്ന സ്ഥലമെന്ന നിലക്കാണ് പൊലീസ് യെച്ചൂരിക്ക് നൽകിയിട്ടുള്ള കാനിങ് റോഡിലെ സർക്കാർ വസതിയിൽ എത്തിയത്. സുമിത് കുമാറിന്‍റെ മൊബൈൽ ഫോണും ലാപ്ടോപ്പും പൊലീസ് കൊണ്ടുപോയി. ടീസ്റ്റ ഡയറക്ടറായ ‘ട്രൈ കോണ്ടിനെന്‍റൽ’ എന്ന കേന്ദ്രം ന്യൂസ് ക്ലിക്കിന് ലേഖനങ്ങൾ നൽകുന്നുവെന്നതായിരുന്നു ടീസ്റ്റയെ നോട്ടമിട്ടതിനു കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.