ദിസ്പുർ: ആർ.എസ്.എസിലോ ബി.ജെ.പിയിലോ ചേർന്നാൽ ജാമ്യം നൽകാമെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറിയിച്ചതായി ജയിലിൽ കഴിയുന്ന ആക്വിസ്റ്റ് അഖിൽ ഗൊഗോയ്യുടെ വെളിപ്പെടുത്തൽ. 20കോടിയുടെ കൈക്കൂലി നൽകാമെന്ന വാഗ്ദാനം നൽകിയതായും അഖിൽ ഗൊഗോയ് പാർട്ടി നേതാക്കൾക്ക് അയച്ച കത്തിൽ പറയുന്നു. കത്ത് അദ്ദേഹത്തിന്‍റെ പാർട്ടി നേതാക്കൾ പുറത്തുവിട്ടു.
അതേസമയം ഗൊഗോയ്യുടെ ആരോപണങ്ങൾ എൻ.ഐ.എ നിഷേധിച്ചു. പൗരത്വ ഭേദഗതി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 2019 ഡിസംബറിലാണ് അഖിൽ ഗൊഗോയ് അറസ്റ്റിലാകുന്നത്. എൻ.ഐ.എ ഉദ്യോഗസ്ഥർ അഖിൽ ഗൊഗോയ്ക്ക് രാഷ്ട്രീയ ഉപദേശങ്ങൾ നൽകിയതായി കത്തിൽ സൂചിപ്പിച്ചു.
'ആദ്യം അവർ എന്നോട് ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കുകയും വാഗ്ദാനങ്ങൾ നൽകുകയും ചെയ്തു. ഞാൻ ആർ.എസ്.എസിൽ ചേർന്നാൽ ഉടൻ ജാമ്യം അനുവദിക്കാമെന്നായിരുന്നു വാഗ്ദാനം. ഞാൻ ഈ നാണംകെട്ട വാഗ്ദാനം നിരസിക്കുന്നുവെന്ന് അറിയിച്ചപ്പോൾ ബി.ജെ.പിയിൽ ചേരാൻ അവസരം നൽകാമെന്നായിരുന്നു വാഗ്ദാനം. പിന്നീട് അവർ പറഞ്ഞു ഒഴിവ് വരുന്ന നിയമസഭ സീറ്റിൽ മത്സരിക്കാമെന്നും അസമിലെ ബി.ജെ.പി സർക്കാറിൽ മന്ത്രിയാക്കാമെന്ന വാഗ്ദാനം നൽകുകയും ചെയ്തു' -അഖിൽ ഗൊഗോയ് പറയുന്നു.
'പക്ഷേ വാഗ്ദാനങ്ങൾ നിരന്തരം നിരസിച്ചതോടെ നിരവധി കേസുകൾ തന്‍റെ പേരിൽ ചുമത്തുമെന്നും സുപ്രീംകോടതിയിൽനിന്നുപോലും ജാമ്യം ലഭിക്കില്ലെന്നും അവർ പറഞ്ഞു. ഇപ്പോൾ പുറത്തുകടക്കാനുള്ള എല്ലാ സാധ്യതകളും നഷ്ടപ്പെട്ടതായി തോന്നുന്നു. എന്‍റെ കുടുംബം അവസാനിച്ചു, എന്നെ ശാരീരികമായും നശിപ്പിക്കുന്നു' -അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം അഖിൽ ഗൊഗോയ്യുടെ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് തന്ത്രമാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. 2019ൽ ഗൊഗോയ്യെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഈ കഴിഞ്ഞ മാസങ്ങളിലെല്ലാം അദ്ദേഹം എന്തുകൊണ്ടാണ് നിശബ്ദത പാലിച്ചത്. ഇതുവെറും തെരഞ്ഞെടുപ്പ് തന്ത്രമാണ്. ബുദ്ധിയും അവബോധവുമുള്ള അസമിലെ ജനങ്ങൾ ഈ തന്ത്രങ്ങളിൽ വീഴില്ല -ബി.ജെ.പി നേതാവ് പറഞ്ഞു.
അതേസമയം ജയിലിൽ കഴിയുന്ന അഖിൽ ഗൊഗോയ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. അസമിൽ പുതിയതായി രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ റായ്ജോർ ദളിന്‍റെ സ്ഥാനാർഥിയായാണ് ജനവിധി തേടുക.
ഒരു വർഷമായി ഗുവാഹത്തി ജയിലിൽ കഴിയുകയാണ് അദ്ദേഹം. ശിവ്സാഗർ മണ്ഡലത്തിൽനിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച അഖിൽ ഗൊഗോയ്ക്കെതിരെ യു.എ.പി.എ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. നിലവിൽ കർഷക സംഘടനയായ ക്രിഷക് മുക്തി സൻഗ്രം സമിതിയുടെ ചുമതല വഹിക്കുന്ന വ്യക്തിയാണ് അഖിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.