പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഒമ്പത് വിദ്യാർഥികൾ ആന്ധ്രയിൽ ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ആന്ധ്രാപ്രദേശിൽ ഒമ്പത് വിദ്യാർഥികൾ ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശ് ബോർഡ് ഓഫ് ഇന്റർമീഡിയറ്റ് എക്സാമിനേഷൻ ബുധനാഴ്ച 11, 12 ക്ലാസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിദ്യാർഥികൾ ആത്മഹത്യ ചെയ്തത്. രണ്ട് വിദ്യാർഥികൾ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. 10 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 11-ാം ക്ലാസിലെ വിജയശതമാനം 61ഉം 12-ാം ക്ലാസിൽ 72മാണ്.

ശ്രീകാകുളം ജില്ലയിൽ ബി തരുൺ എന്ന വിദ്യാർഥി (17) ട്രെയിനിന് മുന്നിൽ ചാടിയാണ് ആത്മഹത്യ ചെയ്തത്. ദണ്ഡു ഗോപാലപുരം ഗ്രാമത്തിൽ നിന്നുള്ള ഇന്റർമീഡിയറ്റ് ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന തരുൺ മിക്ക പേപ്പറുകളിലും പരാജയപ്പെട്ടതിനെത്തുടർന്ന് നിരാശനായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൽക്കപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ത്രിനാഥപുരത്തെ വസതിയിൽ പതിനാറുകാരിയും, വിശാഖപട്ടണത്തെ കഞ്ചാരപാലത്തെ വസതിയിൽ ഒരു 18കാരനും ആത്മഹത്യ ചെയ്തു. ഇന്റർമീഡിയറ്റ് ഒന്നും രണ്ടും വർഷത്തിലെ ചില വിഷയങ്ങളിൽ പരാജയപ്പെട്ടതിൽ ഇരുവരും അസ്വസ്ഥരായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ നിന്നുള്ള 17 വയസ്സുള്ള രണ്ട് വിദ്യാർഥികൾ പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്തു. ഒരു പെൺകുട്ടി തടാകത്തിൽ ചാടിയും അതേ ജില്ലയിലെ ഒരു ആൺകുട്ടി കീടനാശിനി കഴിച്ചുമാണ് മരിച്ചത്. 17 വയസ്സുള്ള മറ്റൊരു വിദ്യാർഥി അനകപ്പള്ളിയിലെ വസതിയിൽ തൂങ്ങിമരിച്ചു. എല്ലാവരുടെയും മരണകാരണം ഇന്റർമീഡിയറ്റ് പരീക്ഷഫലത്തിലെ തോൽവി ആണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആത്മഹത്യകൾ പെരുകുന്ന സാഹചര്യത്തിലാണ് ഞെട്ടിക്കുന്ന ഈ വാർത്ത പുറത്തുവന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ (ഐ.ഐ.ടി) വിവിധ ക്യാമ്പസുകളിൽ ഈ വർഷം നാല് വിദ്യാർഥികൾ ആത്മഹത്യ ചെയ്തിരുന്നു. വിദ്യാർഥികളുടെ ആത്മഹത്യ വർധിക്കുന്ന സംഭവങ്ങളിൽ ഫെബ്രുവരിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആശങ്ക പ്രകടിപ്പിച്ചിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 'ദിശ' ഹെല്‍പ് ലൈൻ നമ്പർ: 1056, 0471-2552056)

Tags:    
News Summary - Nine students commit suicide in Andhra Pradesh after exam results are announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.