ന്യൂഡൽഹി: നിർണായകമായ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായി ബിഹാറിലെ ഭരണകക്ഷിയായ ജനതദൾ-യുവിന്റെ അധ്യക്ഷസ്ഥാനം മുഖ്യമന്ത്രി നിതീഷ് കുമാർ ഏറ്റെടുത്തു. പ്രസിഡന്റ് ലാലൻ സിങ്ങിനോട് പാർട്ടിക്കുള്ളിൽ പുകഞ്ഞ അതൃപ്തിയുടെ തുടർച്ചയാണ് സ്ഥാനമാറ്റം. ഡൽഹിയിൽ നടന്ന പാർട്ടി നേതൃയോഗങ്ങൾക്കുമുമ്പ് നടന്ന മുതിർന്ന നേതാക്കളുടെ യോഗത്തിലെ വികാരം കണക്കിലെടുത്ത് ലാലൻ സിങ് സ്ഥാനമൊഴിയുകയാണെന്ന് അറിയിച്ച് നിതീഷ് കുമാറിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിക്കുകയായിരുന്നു. തുടർന്നു നടന്ന നിർവാഹക സമിതി യോഗം ഇത് അംഗീകരിച്ചു.
ലാലൻ സിങ്ങിന്റെ പെരുമാറ്റ ശൈലി, ബിഹാറിലെ സഖ്യകക്ഷിയായ ആർ.ജെ.ഡിയുമായി പരിധിവിട്ട സഹകരണം കാണിച്ചത് എന്നിവ ജനതദൾ-യു നേതാക്കളിൽ ഒരു വിഭാഗത്തിനിടയിൽ അമർഷമുണ്ടാക്കിയത് രാജിയുടെ ഒരു കാരണമായി പറയുന്നു. നിതീഷ് കുമാറിനെ ഇൻഡ്യ മുന്നണിയുടെ നേതൃമുഖമായി ഉയർത്തിക്കാണിക്കുന്നതിൽ പാർട്ടി പ്രസിഡന്റിനുണ്ടായ പരാജയമാണ് മറ്റൊരു കാരണമായി പറയുന്നത്. സ്വന്തം മണ്ഡലമായ മുംഗേറിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ കേന്ദ്രീകരിക്കാൻ ലാലൻ സിങ് സ്വയം പിന്മാറുകയായിരുന്നുവെന്ന വിശദീകരണങ്ങളും ഒപ്പമുണ്ട്.
ബി.ജെ.പിയുമായി നിതീഷ് വീണ്ടും അടുക്കുന്നുവെന്ന വ്യാഖ്യാനങ്ങൾക്കും ഇത് വഴിവെച്ചു. പാർട്ടി നേതാക്കൾക്കിടയിൽ ഭിന്നതയുണ്ടെന്ന് വരുത്താൻ ബി.ജെ.പി നടത്തുന്ന ശ്രമങ്ങൾ ഒരു വിഭാഗം മാധ്യമങ്ങൾ ഏറ്റുപിടിക്കുകയാണെന്ന് ലാലൻ സിങ്ങും മറ്റും കുറ്റപ്പെടുത്തി. അതേസമയം, ലാലൻ സിങ്ങിനെ മാറ്റിയതിലൂടെ പാർട്ടിയും ഭരണവും ഒരുപോലെ നിതീഷ് കുമാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കുകയാണ് ജെ.ഡി.യു. പ്രധാനമന്ത്രി സ്ഥാനാർഥിയായി നിതീഷ് മുന്നോട്ടുവരണമെന്ന ആവശ്യം ശക്തമായി നേതൃയോഗത്തിൽ ഉയരുകയും ചെയ്തു. ബിഹാറിൽ നടന്ന ജാതി സെൻസസും തുടർ നടപടികളും ദേശീയ തലത്തിൽ സ്വീകാര്യത നേടിയത് നിതീഷ് കുമാറിന്റെ ഭരണപാടവമായി അവർ ഉയർത്തിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.