പാട്ന: ബീഹാറിലെ നിതീഷ്(ജെ.ഡി.യു)- ബി.ജെ.പി സഖ്യം 2025 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് വീഴുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ബി.ജെ.പിയെ കൂട്ടുപിടിച്ച് ഇന്ന് വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റ നിതീഷ് കുമാറിനെയാണ് പ്രശാന്ത് കിഷോർ വെല്ലുവിളിച്ചത്. ആർ.ജെ.ഡി -കോൺഗ്രസ് പിന്തുണയിലുള്ള സഖ്യ സർക്കാറിനെ വീഴ്ത്തിയാണ് ജെ.ഡി.യു പുതിയ മന്ത്രിസഭ രൂപീകരിച്ചത്.
നിതീഷ് 'പാൽതുറാം' ആണെങ്കിൽ അക്കാര്യത്തിൽ നരേന്ദ്രമോദിയും അമിത്ഷായും വ്യത്യസ്തരല്ല എന്ന് തെളിയിക്കുന്നതാണ് ഇന്നത്തെ രാഷ്ട്രീയ സംഭവവികാസങ്ങളെന്നും പ്രശാന്ത് കിഷോർ മുന്നറിയിപ്പ് നൽകി.
'പൽതു റാം' എന്നാൽ തൻ്റെ നിലപാട് മാറ്റിക്കൊണ്ടിരിക്കുന്ന ഒരാൾ എന്നാണ് അർത്ഥമാക്കുന്നത്. ഒരു ദശാബ്ദത്തിനിടെയുണ്ടായ അഞ്ച് രാഷ്ട്രീയ അട്ടിമറികളുടെ പശ്ചാത്തലത്തിൽ, വിമർശകർ നിതീഷ് കുമാറിനെ 'പൽതു റാം' അല്ലെങ്കിൽ 'പൾട്ടു കുമാർ' എന്ന് വിശേഷിപ്പിക്കുന്നത്.
"പുതിയ സഖ്യത്തിന്റെ പശ്ചാത്തലത്തിൽ ഞാൻ മറ്റൊരു പ്രവചനം നടത്താം. കുറിച്ചുവെച്ചോളൂ.. തെറ്റാണെന്ന് തെളിയിക്കപ്പെട്ടാൽ നിങ്ങൾക്ക് എന്നെ പിടിക്കാം, ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ഈ സഖ്യം വേർപിരിയും."- പ്രശാന്ത് കിഷോർ പറഞ്ഞു.
അടുത്ത ബീഹാർ തെരഞ്ഞെടുപ്പിന് മുൻപ് നാടകീയമായ സംഭവവികാസങ്ങൾ സംസ്ഥാനത്ത് നടക്കുമെന്നും നിതീഷ് 20 സീറ്റിലധികം നേടിയാൽ ഞാൻ ജോലി വിടുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
നേരത്തെ, ബി.ജെ.പിക്കും കോൺഗ്രസിനുമൊപ്പം പ്രവർത്തിച്ചിരുന്ന പ്രശാന്ത് കിഷോർ ജെ.ഡി.യുവിന്റെ ദേശീയ വൈസ് പ്രസിഡന്റായും രാഷ്ട്രീയ നയതന്ത്രജ്ഞനായും പ്രവർത്തിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട അസ്വാരസങ്ങളെത്തുടർന്നാണ് പ്രശാന്ത് കിഷോർ ജെ.ഡി.യുവിൽ നിന്ന് പുറത്തേക്ക് പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.