ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം അതിതീവ്ര ചുഴലിക്കാറ്റായി മാറി ബുധനാഴ്ച വൈകീട്ടോടെ പുതുച്ചേരിയിലെ കാരക്കലിനും തമിഴ്നാട്ടിലെ മഹാബലിപുരത്തിനും ഇടയിൽ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 118 മുതൽ 166 കി.മീ വരെയാകും കാറ്റിന്‍റെ വേഗത. തമിഴ്നാട്ടിലെ ചെന്നൈ, ചെങ്കൽേപ്പട്ട്, കാഞ്ചിപുരം, മയിലാടുതുറൈ, വിഴുപ്പുറം, കടലൂർ ജില്ലകളിലും പുതുച്ചേരിയിലും ചുഴലിക്കാറ്റ് നാശം വിതക്കാനാണ് സാധ്യത.
പ്രത്യേക സാഹചര്യത്തിൽ തമിഴ്നാട്ടിൽ പൊതുഅവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉത്തരവിട്ടു. ചെന്നൈയിൽനിന്ന് തെക്കൻ തമിഴക ജില്ലകളിലേക്കും തിരിച്ചുമുള്ള മുഴുവൻ ട്രെയിൻ സർവിസുകളും റദ്ദാക്കി. ചൊവ്വാഴ്ച ഉച്ച മുതൽ രണ്ടു ദിവസത്തേക്ക് ബസ് സർവിസുകളും ഉണ്ടാവില്ല.
ചെന്നൈയിലും സമീപ ജില്ലകളിലും ചൊവ്വാഴ്ച രാവിലെ മുതൽ മഴ പെയ്യുന്നുണ്ട്. 27 വരെ മഴ തുടരും. തീരപ്രദേശങ്ങളിൽനിന്ന് ആയിരക്കണക്കിന് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. സുരക്ഷ കണക്കിലെടുത്ത് ൈവദ്യുതി വിതരണം നിർത്തി. പുതുച്ചേരിയിൽ 26ന് രാവിലെ ആറുവരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
അതിനിടെ സുരക്ഷാ നടപടികൾ ആരായുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി എന്നിവരെ ഫോണിൽ വിളിച്ചു.
സീസണിലെ രണ്ടാമത്തെയും ഈ വർഷത്തെ നാലാമത്തെയും ചുഴലിക്കാറ്റാണ് 'നിവർ'. നേരേത്ത േമയ് 16ന് ബംഗാൾ ഉൾക്കടലിൽ 'ആംഫൻ', ജൂൺ ഒന്നിന് അറബിക്കടലിൽ 'നിസർഗ', നവംബർ 22ന് അറബിക്കടലിൽ 'ഗതി' എന്നിവയാണ് ഈ വർഷം രൂപംകൊണ്ട മൂന്ന് ചുഴലിക്കാറ്റുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.