ഹൈദരാബാദ്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ തെലങ്കാന കൈവരിച്ച മുന്നേറ്റം അട്ടിമറിക്കപ്പെടുമെന്ന് ബി.ആർ.എസ് നേതാവ് കെ.ടി രാമറാവു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സ്വന്തം സംസ്ഥാനമായ കർണാടകയിൽ കർഷകർക്ക് വേണ്ടത്ര വൈദ്യുതി ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പാർട്ടികളിൽ നിന്നുള്ള നേതാക്കൾ ബി.ആർ.എസിൽ ചേർന്ന പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി മുടക്കത്തിൽ പ്രതിഷേധിച്ച് കർഷകർ കർണാടകയിലെ വൈദ്യുതി സപ്ലൈ ഓഫീസിലേക്ക് മുതലയെ കൊണ്ടുവന്നു പ്രതിഷേധിച്ചു. കർണാടകയിലെ കർഷകർ ഇപ്പോൾ കോൺഗ്രസിനെ അധികാരത്തിലെത്തിച്ചതിൽ ഖേദിക്കുന്നുവെന്നും കോൺഗ്രസ് ഇപ്പോൾ തെലങ്കാനയിലെ കർഷകരെ കബളിപ്പിച്ച് ഒരു അവസരം തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാനയിൽ അധികാരത്തിനായി കോൺഗ്രസ് ഒരു അവസരമാണ് തേടുന്നതെന്നും എന്നാൽ 11 അവസരങ്ങൾ നൽകിയിട്ടുണ്ടെന്നും രാമറാവു പറഞ്ഞു. ബി.ആർ.എസ് ഭരണകാലത്ത് വൈദ്യുതി, ജലസേചനം, കുടിവെള്ള വിതരണം, ക്ഷേമപദ്ധതികൾ എന്നിവ മെച്ചപ്പെട്ടുവെന്നും കോൺഗ്രസിന് ഭരണം നൽകിയാൽ സ്ഥിതി മോശമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
സർക്കാർ വകുപ്പുകളിലെ ഒഴിവുകൾ നികത്തുന്നതിനുള്ള വാർഷിക തൊഴിൽ കലണ്ടർ പുറത്തിറക്കുക, സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്കും കർഷകർക്കുള്ള ‘ഋതു ബന്ധു’ നിക്ഷേപ സഹായ പദ്ധതിക്കും കീഴിലുള്ള സാമ്പത്തിക ആനുകൂല്യങ്ങളുടെ വർധനവ് ഉൾപ്പെടെയുള്ള ബി.ആർ.എസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെക്കുറിച്ചും രാമറാവു സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.