ലഖ്നോ: ഉത്തർപ്രദേശിൽ ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് റിക്ഷയിൽ പോയ നാലര മാസം ഗർഭിണിയായ യുവതി റോഡരികിൽ പ്രസവിച്ചു. രാജ്ഭവന്റെ 13ാം നമ്പർ ഗേറ്റിനു സമീപമാണ് സംഭവം.
ആശുപത്രിയിലെത്തിച്ച കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. രൂപ സോണിയെന്ന യുവതി ഞായറാഴ്ച ഉച്ചയോടെ വേദനയെ തുടർന്ന് ലഖ്നോവിലെ ശ്യാമപ്രസാദ് മുഖർജി ആശുപത്രിയിൽ എത്തിയിരുന്നു.
കുത്തിവെപ്പെടുത്ത് തിരികെ വീട്ടിലയച്ച യുവതിക്ക് വേദന കുറവില്ലാത്തതിനാൽ വീണ്ടും ആശുപത്രിയിലേക്ക് വരുന്നതിനിടെയാണ് സംഭവം.
സംഭവം സ്ഥിരീകരിച്ച ഉപമുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമായ ബ്രജേഷ് പാഠക് യുവതി സ്വന്തം ഇഷ്ടത്തിനാണ് റിക്ഷയിൽ പോയതെന്നും രാജ്ഭവനു സമീപം വഴിയാത്രക്കാർ വിളിച്ചതനുസരിച്ച് 25 മിനിറ്റിനകം ആംബുലൻസ് എത്തിയെന്നും പറഞ്ഞു. എന്നാൽ, സംസ്ഥാനത്തെ ആരോഗ്യ സംവിധാനം കുത്തഴിഞ്ഞതിന്റെ ഇരയാണ് യുവതിയെന്ന് സമാജ്‍വാദി പാർട്ടി നേതാവ് ശിവ്പാൽ യാദവ് ആരോപിച്ചു.
ലക്ഷങ്ങൾ പരസ്യത്തിന് ചെലവാക്കുകയും അവകാശവാദങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നതിനു പകരം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണ് സർക്കാർ ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.