മുംബൈ: മഹാരാഷ്ട്രയിലെ അജിത് പവാർ പക്ഷ എൻ.സി.പിക്ക് മൂന്നാം നരേന്ദ്ര മോദി സർക്കാറിൽ ഇടംകിട്ടിയില്ല. രാജ്യസഭാംഗമായ പ്രഫുൽ പട്ടേലിന് കാബിനറ്റ് മന്ത്രിപദമാണ് അജിത് പക്ഷം ആവശ്യപ്പെട്ടത്. എന്നാൽ, സ്വതന്ത്ര ചുമതലയോടെ സഹമന്ത്രി പദമാണ് ബി.ജെ.പി നൽകിയത്. ഇത് അജിത് പക്ഷം നിരസിച്ചു.
രണ്ടു തവണ കാബിനറ്റ് മന്ത്രിയായ തന്നെ തരംതാഴ്ത്തുന്നതിന് തുല്യമാണ് സഹമന്ത്രിപദമെന്ന് പ്രഫുൽ പട്ടേൽ പ്രതികരിച്ചു. ബി.ജെ.പിയുമായി ഉടക്കില്ലെന്നും ആശയക്കുഴപ്പമില്ലെന്നും പറഞ്ഞ പ്രഫുൽ നാലു ദിവസത്തോളം കാത്തിരിക്കാൻ ബി.ജെ.പി ആവശ്യപ്പെട്ടതായി കൂട്ടിച്ചേർത്തു.
അതേസമയം, ഞായറാഴ്ച രാവിലെ അജിത് പക്ഷത്തെ ഏക എം.പി സുനിൽ തട്കരെയുടെ ഡൽഹി വസതിയിൽവെച്ച് മന്ത്രിപദത്തെ ചൊല്ലി പ്രഫുൽ പട്ടേലും തട്കരെയും തമ്മിൽ വാക്കുതർക്കമുണ്ടായതായി റിപ്പോർട്ടുണ്ട്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായുള്ള കൂടിക്കാഴ്ചക്കിടെയായിരുന്നു തർക്കം. മോദി മന്ത്രിസഭയിൽ മഹാരാഷ്ട്ര ബി.ജെ.പിയിൽനിന്ന് അഞ്ചുപേരും ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേനയിൽനിന്ന് ഒരാളും മന്ത്രിയാകുമ്പോൾ അജിത് പക്ഷമില്ലാത്തത് ചർച്ചയായിരുന്നു. നാല് സീറ്റിൽ മത്സരിച്ച അജിത് പക്ഷത്തിന് ഒരെണ്ണത്തിലാണ് ജയിക്കാനായത്. വോട്ട് വിഹിതവും കുറവ്. ഭാവിയെ ചൊല്ലി അജിത് പവാർതന്നെ ആശയക്കുഴപ്പത്തിലാണ്. പവാർ പക്ഷത്തേക്കുള്ള മടക്കം അഭ്യൂഹമായി നിൽക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.