ന്യൂഡൽഹി: മൺസൂൺ തുടങ്ങാനിരിക്കെ രാജ്യത്തെ താപ വൈദ്യുത നിലയങ്ങളിൽ കൽക്കരി ശേഖരത്തിൽ കുറവ്. ജൂലൈ-ആഗസ്റ്റിൽ വീണ്ടും വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയെന്ന് റിപ്പോർട്ട്. സ്വതന്ത്ര ഗവേഷണ സംഘടനയായ സെന്റർ ഫോർ റിസർച് ഓൺ എനർജി ആൻഡ് ക്ലീൻ എയർസ് (സി.ആർ.ഇ.എ) ആണ് ഊർജപ്രതിസന്ധി പ്രവചിക്കുന്നത്.
ഖനികളിൽനിന്ന് നേരിട്ട് കൽക്കരിയെത്തിക്കാൻ കഴിയുന്ന പിറ്റ്ഹെഡ് വൈദ്യുത നിലയങ്ങളിൽ 13.5 ദശലക്ഷം ടൺ കൽക്കരിശേഖരമാണ് ശേഷിക്കുന്നത്. നിലവിൽ രാജ്യത്തെ വൈദ്യുതിനിലയങ്ങളിൽ 20.7 ദശലക്ഷം ടൺ കൽക്കരി ശേഖരമേയുള്ളൂ. വൈദ്യുതി ആവശ്യം വർധിക്കുകയാണെങ്കിൽ കൈകാര്യം ചെയ്യാൻ കൽക്കരി വൈദ്യുത നിലയങ്ങൾക്ക് നിലവിലെ സാഹചര്യത്തിൽ കഴിയില്ലെന്നും ഇതു മുൻകൂട്ടി കണ്ട് കൽക്കരി എത്തിക്കാൻ നടപടി വേണമെന്നുമാണ് സി.ആർ.ഇ.എയുടെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ആഗസ്റ്റിൽ 214 ജിഗാവാട്ട് വൈദ്യുതി വേണ്ടിവരുമെന്നാണ് സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി ഓഫ് ഇന്ത്യ (സി.ഇ.എ) പറയുന്നത്. ശരാശരി ഊർജാവശ്യം മേയിൽ ഉള്ളതിനേക്കാൾ 1,33,426 ദശലക്ഷം യൂനിറ്റായി വർധിക്കും. കൽക്കരി ഖനനത്തിനും വൈദ്യുത നിലയങ്ങളിലേക്കുള്ള നീക്കത്തിനും മൺസൂണും വിലങ്ങുതടിയാകും. മൺസൂണിന് മുമ്പേ ആവശ്യത്തിനുള്ള കൽക്കരി ശേഖരിച്ചില്ലെങ്കിൽ രാജ്യം മറ്റൊരു ഊർജപ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞവർഷത്തെ ഊർജ പ്രതിസന്ധിക്ക് കാരണം മൺസൂണിന് മുമ്പ് ആവശ്യത്തിന് കൽക്കരി ശേഖരിക്കാത്തതാണ്. കഴിഞ്ഞമാസമുണ്ടായ ഊർജ പ്രതിസന്ധിക്ക് കാരണവും കൽക്കരി ഉൽപാദന പ്രശ്നമല്ലെന്നും വിതരണവും ഉദ്യോഗസ്ഥ അലംഭാവവുമാണെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. ഖനനം ആവശ്യത്തിന് നടക്കുന്നുണ്ടെങ്കിലും താപ വൈദ്യുത നിലയങ്ങൾ ആവശ്യത്തിന് കൽക്കരി ശേഖരിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നത്. മുൻവർഷം 716.08 ദശലക്ഷം ടൺ ആയിരുന്ന സ്ഥാനത്ത് 2021-'22 സാമ്പത്തിക വർഷം 777.26 ദശലക്ഷം ടൺ റെക്കോഡ് കൽക്കരി ഉൽപാദനമായിരുന്നു.
8.54 ശതമാനമാണ് വർധന. 1500 ദശലക്ഷം ടണ്ണിലധികം ഖനനം ചെയ്യാൻ ശേഷിയുള്ള സ്ഥാനത്താണ് ഉൽപാദനം അതിന്റെ പകുതിയായ 777.26 ദശലക്ഷം ടണ്ണിൽ നിൽക്കുന്നത്. അതിനാൽ കൽക്കരി ക്ഷാമമുണ്ടായാൽ കൽക്കരി കമ്പനികൾ ഉൽപാദനം വർധിപ്പിക്കേണ്ട കാര്യമേയുള്ളൂവെന്നും സി.ആർ.ഇ.എ വിശകലന വിദഗ്ധൻ സുനിൽ ദഹിയ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.